kozhikode local

ടിപ്പര്‍ തൊഴിലാളികള്‍ സംഘംചേര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ മര്‍ദിച്ചു

മുക്കം: ടിപ്പര്‍ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് രണ്ട് പരിസ്ഥിതി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം പരിസ്ഥിതി പ്രവര്‍ത്തകരായ കൂരാപ്പള്ളി ബാബു,പി കെ ബഷീര്‍ എന്നിവരെയാണ് മര്‍ദിച്ചത്. ബാബു തന്റെ തറവാട്ടില്‍ പോയി വരുന്ന വഴിയാണ് അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.
ഈ സമയം ഇതുവഴി വന്ന ബഷീര്‍ ബാബുവിനെ മര്‍ദിക്കുന്നത് കണ്ടതോടെ തടയാന്‍ ശ്രമിക്കുകയും തന്റെ കയ്യിലുണ്ടായിരുന്ന ക്യാമറയില്‍ ബാബുവിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇത് കണ്ട ടിപ്പര്‍ തൊഴിലാളികള്‍ ബഷീറിനെയും ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ തലക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റ രണ്ടു പേരും റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു.
ഇവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നെങ്കിലും ആരും ആശുപത്രിയിലാക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. പിന്നീട് മുക്കത്ത് നിന്നെത്തിയ പോലിസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മഞ്ചാട്ടി പൂനൂര്‍ പൊയില്‍ ക്രഷറിലേക്ക് എത്തിയ ടിപ്പര്‍ തൊഴിലാളികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. ഈ ക്രഷറിന്റെ അനിയന്ത്രിതവും, നിയമവിരുദ്ധധവുമായ പ്രവര്‍ത്തനത്തിനെതിരെ നടപടിയാവശ്യപ്പെട്ട്് ഇവര്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്. പരിക്കേറ്റ രണ്ടു പേരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പും മരഞ്ചാട്ടി അങ്ങാടിയില്‍ വെച്ച് പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ സംഘടിച്ചെത്തി കയ്യേറ്റം ചെയ്തിരുന്നു. മേഖലയില്‍ ക്വാറി വ്യവസായികളും ഉദ്യോഗസ്ഥ രാഷ്ടീയ കൂട്ടുകെട്ടും ചേര്‍ന്ന് പരിസ്ഥിതിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതും അടുത്ത കാലത്ത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it