ഞങ്ങടെ ജീവിതം വഴിമുട്ടിക്കരുതേ...

അവകാശങ്ങള്‍  നിഷേധങ്ങള്‍  - അംബിക
1829ല്‍ ഫ്രാന്‍സിലാണ് ആദ്യത്തെ കാമറയും ഛായാചിത്രവും പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് ഫോട്ടോഗ്രഫി മനുഷ്യജീവിതത്തില്‍ നിര്‍ണായകവും ഒഴിച്ചുകൂടാന്‍ വയ്യാത്തതുമായി മാറുകയായിരുന്നു. കഴിവുറ്റ കലാകാരന്‍മാരുടെ വരകളിലൂടെ മാത്രം ഛായാചിത്രങ്ങള്‍ വരച്ചു സൂക്ഷിച്ചിരുന്നിടത്തുനിന്ന് പ്രിയപ്പെട്ടവരുടെ പടങ്ങളും സംഭവങ്ങളും ഫോട്ടോയെടുത്ത് സൂക്ഷിക്കാവുന്ന അവസ്ഥയിലേക്കുള്ള മാറ്റം മനുഷ്യരാശി കൈവരിച്ച വലിയ നേട്ടങ്ങളിലൊന്നാണ്. എന്നാല്‍, ഇന്ന് ഫോട്ടോയും വീഡിയോയുമെല്ലാം ആര്‍ക്കും അദ്ഭുതമല്ലാതായിരിക്കുന്നു. മാത്രമല്ല, അപകടകരമാംവിധം സെല്‍ഫിയെടുത്ത് മരണംവരിക്കുന്നവരുടെ വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങളില്‍ നിറയുന്ന അവസ്ഥയിലേക്ക് ഫോട്ടോഭ്രാന്ത് എത്തിയിരിക്കുന്നു. മൊബൈല്‍ഫോണില്‍ സെല്‍ഫിയും ഫോട്ടോകളും എടുത്ത് അപ്‌ലോഡ് ചെയ്യുക എന്നത് പലരുടെയും പ്രധാന ഹോബിയും ജോലിയും ആയി മാറിയിരിക്കുന്നു. ആര്‍ക്കും ആരുടെയും അനുമതിയില്ലാതെ മൊബൈല്‍ഫോണില്‍ പടമെടുക്കാമെന്ന അവസ്ഥയാണ് ഇന്നു നിലനില്‍ക്കുന്നത്. വിവരസാങ്കേതികവിദ്യയും വാര്‍ത്താവിനിമയസൗകര്യങ്ങളും വികാസംപ്രാപിക്കുന്നതോടൊപ്പം തന്നെ അവ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണതയും വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഇക്കാലത്തു തന്നെയാണ് ഞങ്ങടെ ജീവിതം വഴിമുട്ടിക്കരുതേ എന്ന നിലവിളി ഉയരുന്നത്. ഇതു കേരളത്തിലെ പ്രഫഷനല്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഭ്യര്‍ഥനയാണ്. പല പരിപാടികളും ചടങ്ങുകളും പകര്‍ത്താനായി ഇവര്‍ കടന്നുചെല്ലുമ്പോള്‍ കേള്‍ക്കേണ്ടിവരുന്നത് കടുത്ത അധിക്ഷേപങ്ങളാണ്. ''അതാ മോര്‍ഫിങ് വീരന്‍മാര്‍ വരുന്നുണ്ട്'' എന്നാണത്രേ ചിലര്‍ പറയുന്നത്! ഇതു കേള്‍ക്കുന്നതോടെ ജോലിചെയ്യാനുള്ള മൂഡെല്ലാം പോവും. ക്രിയേറ്റീവ് ആയി പിന്നെ ജോലിചെയ്യാനാവുന്നില്ല എന്നാണ് അവര്‍ പറയുന്നത്. തികഞ്ഞ മനസ്സാന്നിധ്യവും ശേഷിയും ആവശ്യമുള്ള കലയാണ് ഫോട്ടോഗ്രഫി എന്നുള്ളത് പലരും മറന്നുപോവുന്നു.
കോഴിക്കോട് വടകരയിലുണ്ടായ മോര്‍ഫിങ് കേസാണ് ഇത്തരത്തിലുള്ള ഒരവസ്ഥ സൃഷ്ടിച്ചത്. ഈ സംഭവം ദൗര്‍ഭാഗ്യകരമാണ്. വാസ്തവത്തില്‍ ഈ കേസിലകപ്പെട്ടവര്‍ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്തതാണ്. കഴിഞ്ഞ ദിവസം അറിയാന്‍ കഴിഞ്ഞ കാര്യം രണ്ട് ഫോട്ടോകള്‍ മാത്രമാണ് മോര്‍ഫ് ചെയ്തിട്ടുള്ളത് എന്നാണ്. എന്നാല്‍, കേസ് പുറത്തുവന്ന സമയത്ത് മാധ്യമങ്ങളില്‍ വന്നതും പലരും പ്രചരിപ്പിച്ചതും ആയിരക്കണക്കിന് ഫോട്ടോകള്‍ ഇങ്ങനെ മോര്‍ഫ് ചെയ്തിട്ടുണ്ടെന്നാണ്. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത സ്ത്രീകളെയും പെണ്‍കുട്ടികളെയുമെല്ലാം ആശങ്കയിലാഴ്ത്തി.
തന്റെ പടവും അങ്ങനെ ആക്കിക്കാണുമോ? താനും ആ കല്യാണത്തിനു പോയിരുന്നു. ഇനിയത് തന്റെ ഭര്‍ത്താവിന്റെയോ മകന്റെയോ ഫോണിലേക്കു വരുമോ? തന്റെ പ്രിയപ്പെട്ടവരുടെ പടം അങ്ങനെ വരുമോ? എന്നെല്ലാമുള്ള ആശങ്കയും ഒരുപാടുപേര്‍ക്കിടയില്‍ ഉയര്‍ന്നുവന്നു എന്നതാണു വസ്തുത. ഇക്കാര്യം പുറത്തുവന്നതു മുതല്‍ മാധ്യമങ്ങളും ചില സംഘടനകളും പൊതുപ്രവര്‍ത്തകരുമെല്ലാം ഈ ആശങ്ക വര്‍ധിപ്പിക്കുന്നതിന് അവസരമൊരുക്കുകയായിരുന്നു.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങളുടെ ആശങ്കയകറ്റേണ്ടതുമാണ്. എന്നാല്‍, അതു മുഴുവന്‍ ഫോട്ടോഗ്രാഫര്‍മാരുടെയും ജീവിതം തകര്‍ത്തുകൊണ്ടാവരുത്. ഈ തൊഴില്‍മേഖലയിലുള്ളവര്‍ ഇന്ന് കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ദിലീഷ് കുമാര്‍ പരിയാരം പറഞ്ഞു. കേരളത്തില്‍ 40,000ഓളം പേരുടെ ഉപജീവനമാര്‍ഗമാണ് ഫോട്ടോഗ്രഫി. ഈ കേസ് വന്നതോടെ കടുത്ത പ്രതിസന്ധിയാണ് തങ്ങള്‍ അനുഭവിക്കുന്നത്. എല്ലാ ഫോട്ടോഗ്രാഫര്‍മാരും കുറ്റക്കാരാണെന്നും വിശ്വസിക്കാന്‍കൊള്ളാത്തവരാണെന്നുമുള്ള മനോഭാവമാണ് പലരും വച്ചുപുലര്‍ത്തുന്നത്. ചില പരിപാടികള്‍ക്കിടയ്ക്ക് സംശയത്തോടെ മാറിനിന്ന് തങ്ങളെ നിരീക്ഷിക്കുന്നവരെത്തന്നെ കാണാറുണ്ട്. ഇപ്പോള്‍ ഓര്‍ഡറുകള്‍ വളരെ കുറഞ്ഞിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ വരെ പിന്നീട് വേണ്ടെന്നു പറയുന്ന അവസ്ഥയാണുള്ളത്.
ഈ തൊഴില്‍മേഖല മറ്റു ചില പ്രതിസന്ധികളും ഇന്നു നേരിടുന്നുണ്ട്. വലിയ ചടങ്ങുകളും പരിപാടികളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പിക്കുന്ന ഇക്കാലത്ത് ഫോട്ടോഗ്രഫിയും ഇത്തരം കമ്പനികള്‍ തന്നെ നിര്‍വഹിക്കുന്നു. മാട്രിമോണിയല്‍ കമ്പനികളും തങ്ങളുടെ തൊഴില്‍മേഖലയിലേക്കു കടന്നുകയറ്റം നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it