ജ. മിശ്ര ഒഴിയുന്നത് വരെ അദ്ദേഹത്തിന്റെ ബെഞ്ച് മുമ്പാകെ ഹാജരാവില്ല: സിബല്‍

ന്യൂഡല്‍ഹി: ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനത്തുനിന്ന് ഒഴിയുന്നതു വരെ അദ്ദേഹത്തിന്റെ ബെഞ്ച് മുമ്പാകെ കേസ് വാദിക്കില്ലെന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. തന്റെ തൊഴിലിന്റെ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കപില്‍ സിബല്‍ പറഞ്ഞു. ദീപക് മിശ്ര വിരമിക്കുന്നതു വരെ അദ്ദേഹത്തിന്റെ ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാവില്ല. ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നിഷ്പക്ഷത പാലിക്കാന്‍ അദ്ദേഹം തയ്യാറാവാത്തത് നീതിക്ക് നിരക്കാത്തതാണ്.
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ പി ചിദംബരം അടക്കമുള്ള മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിടാതിരുന്നത് ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിദംബരത്തിനു വേണ്ടി ഹാജരാവേണ്ടത് താനാണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരാവാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിനു വലിയ നഷ്ടമുണ്ടാവുമെന്നു തനിക്കറിയാമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടുന്ന കേസുകളിലും ബാബരി മസ്ജിദ് കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടിയും ഹാജരാവുന്നത് കപില്‍ സിബലാണ്. ഈ കേസുകള്‍ സുപ്രിംകോടതിയിലെ ഒന്നാം നമ്പര്‍ കോടതിയായ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെയാണുള്ളത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷാ, ദി വയര്‍ വാര്‍ത്താ പോര്‍ട്ടലിനെതിരേ നല്‍കിയ അപകീര്‍ത്തി കേസ് അടക്കമുള്ളതിലും കപില്‍ സിബലാണ് ഹാജരായിക്കൊണ്ടിരുന്നത്.
Next Story

RELATED STORIES

Share it