Flash News

ജ.കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു



ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി തടവുശിക്ഷയ്ക്ക് വിധിച്ച കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തനിക്ക് തടവുശിക്ഷ വിധിച്ച് ഇംപീച്ച് ചെയ്യാനാണ് സുപ്രിംകോടതി ശ്രമമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് പുറമെ, കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എംപിമാര്‍ക്കും കത്തു നല്‍കിയിട്ടുണ്ടെന്നും കര്‍ണന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.  ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമാണെന്ന് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറ പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി വിധിച്ച ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് നിയമ സാധുതയില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നുമുള്ള ഹരജികള്‍ നല്‍കി സുപ്രിംകോടതിയില്‍ നിയമ പോരാട്ടം തുടരാനാണ് കര്‍ണന്റെ തീരുമാനം. കോടതിയലക്ഷ്യത്തിന് കര്‍ണന്‍ മാപ്പുപറയില്ലെന്ന് കര്‍ണന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതികളെയോ വിധിയെയോ കര്‍ണന്‍ വിമര്‍ശിച്ചിട്ടില്ല. ചില ജഡ്ജിമാരെ വ്യക്തിപരമായാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇതിനെതിരേ ജഡ്ജിമാര്‍ക്ക് നിയമ നടപടി സ്വീകരിക്കാം. ഈ സംഭവത്തില്‍ കോടതിയലക്ഷ്യം ചുമത്തി അദ്ദേഹത്തെ ജയിലിലടയ്ക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതേയും  കുറ്റപത്രം സമര്‍പ്പിക്കാതെയും ഒരാളെ എങ്ങനെ ശിക്ഷിക്കാനാവുമെന്നും ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ചോദിക്കുന്നു. കര്‍ണനു വേണ്ടി രണ്ടു ഹരജികളാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ കര്‍ണന്റെ അഭിഭാഷകന്‍, ഇതില്‍ കര്‍ണന്‍ മാപ്പു പറയുന്നില്ലെന്നും സുപ്രിംകോടതിയുടെ വിധി നിലനില്‍ക്കില്ല, ഇത്തരമൊരു അധികാരം സുപ്രിംകോടതിക്കില്ല, വിധി പിന്‍വലിക്കണം എന്നീ ആവശ്യങ്ങളാണ് ഈ ഹരജിയില്‍ ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി. മാപ്പ് പറയാന്‍ തയ്യാറാണെന്ന തരത്തില്‍ കര്‍ണന്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it