kannur local

ജ്വല്ലറി കവര്‍ച്ച; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് ഹരജി നല്‍കി

പഴയങ്ങാടി: പട്ടാപ്പകല്‍ പഴയങ്ങാടി ബസ്സ്റ്റാന്റിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് 3.7 കിലോ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പഴയങ്ങാടി പോലിസ് ഹരജി നല്‍കി. വിശദമായി ചോദ്യംചെയ്യാനും തെളിവെടുപ്പിനും 10 ദിവസത്തെ കസ്റ്റഡിക്കു വേണ്ടി പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി നല്‍കിയത്.
അപേക്ഷ ഇന്ന് പരിഗണിക്കും. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ചോട്ട റഫീഖ് എന്ന എ പി റഫീഖ് (41), പുതിയങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം കെ വി എന്‍ ഡക്കറേഷന്‍ ഉടമ കെ വി നൗഷാദ് (36) എന്നിവരാണ് പ്രതികള്‍. ഇവരെ ഇക്കഴിഞ്ഞ 24ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍, കാര്‍ മുതലായവയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ കിട്ടാനുണ്ട്.  റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് ആറു വന്‍ കവര്‍ച്ചകളുടെ കൂടി ചുരുളഴിഞ്ഞതോടെ ഇതിലും വിശദമായ അന്വേഷണം നടത്തണം. ഇക്കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. റമദാനിലെ അവസാന വെള്ളിയാഴ്ച ജീവനക്കാര്‍ ജ്വല്ലറി പൂട്ടി ജുമുഅക്ക് പോയ സമയമെത്തിയ പ്രതികള്‍ ഷട്ടര്‍ തകര്‍ത്ത് സിസിടിവി കാമറ കേടാക്കിയാണ് മോഷണം നടത്തിയത്.
Next Story

RELATED STORIES

Share it