ജ്യോതി സിങും ബില്‍ഖീസ് ബാനുവും



രാജ്ദീപ്  സര്‍ദേശായി

ഇന്ത്യയുടെ രണ്ടു പെണ്‍മക്കളുടെ കഥയാണിത്. അതിനിഷ്ഠുരമായ ലൈംഗിക കുറ്റങ്ങള്‍ക്ക് ഇരകളായവരാണ് ഇരുവരും. സമര്‍ഥയായിരുന്നു 23കാരിയായ യുവതി ജ്യോതി സിങ്. ദാരിദ്ര്യത്തില്‍ നിന്നു തന്റെ കുടുംബത്തെ ഉയര്‍ത്തുന്നതിന് ആതുരശുശ്രൂഷാരംഗത്ത് തൊഴില്‍ സ്വപ്‌നം കണ്ടു കഴിയുന്ന കാലത്താണ് അവള്‍ മൃഗീയമായ കൂട്ടബലാല്‍സംഗത്തിന് ഇരയായ നിലയില്‍ വധിക്കപ്പെട്ടത്. 2012 ഡിസംബറില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലായിരുന്നു സംഭവം. ബില്‍ഖീസ് ബാനു വെറും 19കാരിയായിരുന്നു. 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപകാലത്ത് ദാഹോദ് ജില്ലയിലെ തന്റെ ഗ്രാമത്തില്‍ അക്രമികളായ ജനക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടബലാല്‍സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ഖീസ് ബാനു അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. ബില്‍ഖീസിന്റെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ അവളുടെ മുന്നില്‍ വച്ചു കൊന്നു. അവളുടെ കുടുംബത്തിലെ 13 അംഗങ്ങളും വധിക്കപ്പെട്ടു. അവര്‍ ഇരുവരും നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട വശങ്ങളിലേക്കാണ് കണ്ണാടി പിടിക്കുന്നത്. എന്നാല്‍, ഇരുവരുടെയും സംഭവവിശകലനങ്ങള്‍ വ്യത്യസ്തമാണ്. അതാവട്ടെ ഗുരുതരമായ വിലയിരുത്തല്‍ അര്‍ഹിക്കുംവിധം വേറിട്ടതും. ജ്യോതി സിങിന്റെ കൊലയാളികള്‍ക്ക് സുപ്രിംകോടതി കഴിഞ്ഞയാഴ്ച വധശിക്ഷ നല്‍കി. അഥവാ കുറ്റകൃത്യം നടന്നു നാലര വര്‍ഷത്തിനകം നീതി നല്‍കി എന്നുകൂടിയാണ് അതിനര്‍ഥം. അതിന് ഒരു ദിവസം മുമ്പ് ബില്‍ഖീസ് കേസില്‍ പ്രതികളായ 11 പേരുടെ ജീവപര്യന്തം ശിക്ഷാവിധി ബോംബൈ ഹൈക്കോടതി സ്ഥിരീകരിച്ചു. കേസ് മൂടിവയ്ക്കാന്‍ ശ്രമിച്ച ആറു പോലിസ് ഓഫിസര്‍മാരെയും ഒരു സര്‍ക്കാര്‍ ഡോക്ടറെയും മൂന്നു വര്‍ഷം തടവിനും ശിക്ഷിച്ചു. പത്രങ്ങളില്‍ ജ്യോതി സിങ് കേസിന്റെ വിധി വന്‍ തലക്കെട്ടും ടെലിവിഷന്‍ ചാനലുകളില്‍ മുഴുദിന കവറേജും നേടിയപ്പോള്‍, ബില്‍ഖീസ് കേസ് വിധിക്ക് മാധ്യമങ്ങളില്‍ വലിയ തലക്കെട്ട് കിട്ടിയില്ല. അതൊരു പ്രൈംടൈം ചര്‍ച്ചാവിഷയമായതുമില്ല. ഈ വ്യത്യാസം ഒട്ടും അമ്പരപ്പിക്കുന്നതല്ല. മിക്ക ടെലിവിഷന്‍ ചാനലുകളുടെയും ദിനപത്രങ്ങളുടെയും ആസ്ഥാനവും നമ്മുടെ നിയമനിര്‍മാതാക്കളുടെ താവളവുമായ പാര്‍ലമെന്റില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ രാജ്യതലസ്ഥാനത്ത് ജ്യോതി സിങിന്റെ അതിഭീതിജനകമായ മരണം. അലയടിച്ച പ്രതിഷേധം തുടര്‍ച്ചയായ തത്‌സമയ കവറേജ് വഴി ഉള്ളതിലേറെ പെരുപ്പിച്ചു. ജ്യോതിയുടെ മരണത്തിനു മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആളുകള്‍ രാജ്പഥില്‍ ഒത്തുചേര്‍ന്നു. പാര്‍ലമെന്റിലും ആ രോഷം പ്രതിധ്വനിച്ചു. ജ്യോതിയുടെ മരണത്തില്‍ രാഷ്ട്രം അനുശോചനം രേഖപ്പെടുത്തി. നേതാക്കള്‍ പോയി അവളുടെ കുടുംബാംഗങ്ങളെ കണ്ടു. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു വിശദമായി വിലയിരുത്തുന്നതിന് ഉന്നതതല സമിതി രൂപീകൃതമായി. മറിച്ച്, ബില്‍ഖീസ് ബാനുവോ? അഹ്മദാബാദില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ അകലെ ദക്ഷിണ ഗുജറാത്തിലെ ആദിവാസി മേധാവിത്വമുള്ള ദാഹോദ് ജില്ലയിലെ ഒരു അഭയാര്‍ഥി ക്യാംപില്‍ ദുരിതമനുഭവിക്കുകയായിരുന്നു ബില്‍ഖീസ്. പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബില്‍ഖീസ് ശ്രമം നടത്തി. അവളുടെ അപേക്ഷകള്‍ അവഗണിക്കാനാണ് അവര്‍ തയ്യാറായത്. എന്നുതന്നെയല്ല, ആരോപണങ്ങള്‍ പിന്‍വലിക്കുന്നതിന് അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏറെ അര്‍പ്പിതമനസ്സുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി)യും ശക്തമായ അഭിഭാഷക സംഘത്തിന്റെയും പിന്തുണ മാത്രമാണ് ബില്‍ഖീസ് ബാനു കേസ് ഗുജറാത്തിനു പുറത്തേക്കു മാറ്റുന്നതിനും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയോട് സുപ്രിംകോടതി നിര്‍ദേശിക്കുന്നതിനും കാരണമായത്. തന്നെ ആക്രമിച്ചവര്‍ പരിസരങ്ങളില്‍ തന്നെയുള്ളതിനാല്‍ ഭീതി മൂലം സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചുവരാനാവാതെ നിരന്തരം വീട് മാറേണ്ടിവന്നുവെങ്കിലും ഒരു ദശകത്തിലേറെയായി ബില്‍ഖീസ് ധൈര്യത്തോടെ സ്വന്തം കേസ് നടത്തുകയായിരുന്നു. ബില്‍ഖീസിന്റെ കേസ് ഗുജറാത്ത് കലാപത്തിലെ പല കേസുകളില്‍ ഒന്നു മാത്രമായി സാവകാശം മാറിയപ്പോള്‍ ജ്യോതി സിങിന്റെ കേസ് ലൈംഗിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയില്‍ പൊതുശ്രദ്ധ ആകര്‍ഷിക്കുന്ന വിവാദ പ്രശ്‌നമായി. ബില്‍ഖീസിനെ പിന്തുണയ്ക്കുകയും അവര്‍ക്കായി പോരാടുകയും ചെയ്തവര്‍ “ഗുജറാത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കപട മതേതര 'തോള്‍സഞ്ചി' ലിബറലുകളായി ആരോപിക്കപ്പെട്ടു. ജ്യോതി സിങിന്റെ കേസ് ഏറ്റെടുത്തവരെയോ, ബലാല്‍സംഗം സംബന്ധമായ നിയമവ്യവസ്ഥകള്‍ പുനര്‍നിര്‍വചിക്കുന്നതിനുള്ള മുന്നണിപ്പോരാളികളായാണ് കണ്ടത്. ജ്യോതി സിങിന്റെ ധീരതയുടെ സ്മരണയില്‍ ആഗോള ഡോക്യുമെന്ററികള്‍ തന്നെ ആസൂത്രണം ചെയ്തു. ബില്‍ഖീസിനെയും അവരുടെ കുടുംബത്തെയും സന്ദര്‍ശിക്കാന്‍ പോലും ഒരാളും ഉണ്ടായില്ല. രണ്ടു കേസുകളിലും കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെട്ടു. ജഡ്ജിമാരുടെ അന്തിമ വിധികള്‍ പൊതുമനസ്സിനെ പ്രതിഫലിപ്പിക്കുന്നതായി. ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിനെ പൈശാചികം എന്നു വിശേഷിപ്പിച്ച ജഡ്ജിമാര്‍ അതിനെ മാനവതയ്ക്ക് എതിരായ കുറ്റകൃത്യമായാണ് കണ്ടത്. വധശിക്ഷ അര്‍ഹിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് അവര്‍ വിധിച്ചു. ബില്‍ഖീസ് കേസില്‍ ഗൂഢാലോചന കുറ്റം ജഡ്ജിമാര്‍ നിരാകരിച്ചു. പ്രതികള്‍ മുസ്‌ലിംകളെ വേട്ടയാടുകയായിരുന്നുവെന്നു സമ്മതിക്കുമ്പോള്‍ തന്നെ, നൈമിഷികമായ ഒരു പ്രേരണയാല്‍ സംഭവിച്ചുപോയ കുറ്റമാണെന്നു വാദിച്ചു. ബലാല്‍സംഗക്കാര്‍ക്ക് മരണശിക്ഷ നിരാകരിച്ച ജഡ്ജി പറഞ്ഞത്, ഗോധ്ര തീവണ്ടിയിലുണ്ടായ അഗ്നിബാധയ്ക്കു ശേഷം പ്രതികള്‍ പ്രതികാരം കാരണം തിളയ്ക്കുകയായിരുന്നുവെന്നാണ്. വിരോധാഭാസമാകാം, വിധിയില്‍ സന്തുഷ്ടയാണോ എന്ന എന്റെ ചോദ്യത്തിനു ബില്‍ഖീസ് മൃദുവായി പ്രതികരിച്ചു: “”എപ്പോഴും ഞാന്‍ തേടിയത് നീതിയായിരുന്നു, പ്രതികാരമല്ല.’’ ലോകത്തോട് എന്റെ ലളിതമായ മറുചോദ്യം ഇതാണ്: ഒരു വര്‍ഗീയ കലാപത്തിനിടയില്‍ കൂട്ടബലാല്‍സംഗത്തിനു വിധേയയാവുന്ന ഇരയുടെ നീതിയെന്നു പറയുന്നത് ഡല്‍ഹിയിലെ ഒരു ബസ്സിലെ കൂട്ടബലാല്‍സംഗത്തിനുള്ള നീതിയില്‍ നിന്നു വ്യത്യസ്തമാണോ? ശേഷവിശേഷം: ബില്‍ഖീസിന് ഇപ്പോള്‍ പ്രായം 34. കൂട്ടബലാല്‍സംഗത്തിന് ഇരയാകുമ്പോള്‍ ഗര്‍ഭത്തിലായിരുന്ന കുഞ്ഞിന് ഇപ്പോള്‍ 15 വയസ്സായി. അവനൊരു വക്കീലാവാനാണ് താല്‍പര്യമെന്ന് പുഞ്ചിരിയോടെ ബില്‍ഖീസ് എന്നോട് പറഞ്ഞു. പുതിയ ഇന്ത്യയോട് നീതിയുടെ ശരിയായ അര്‍ഥം പറയാന്‍ ഒരു നാള്‍ അവനു കഴിഞ്ഞേക്കും. (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലേഖകന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ എഴുതിയ ലേഖനം.) മൊഴിമാറ്റം: ഹാരിസ്
Next Story

RELATED STORIES

Share it