'ജോലി എടുക്കാതിരിക്കാനായി സംഘടനകളെ കൂട്ടുപിടിക്കരുത്'

തിരുവനന്തപുരം: ജോലിയെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനകളെ കൂട്ടുപിടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടനാശേഷി എന്നത് സര്‍വീസിലെ തെറ്റായ കാര്യങ്ങള്‍ ശരിവച്ച് കൊടുക്കാനുള്ളതല്ല. സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ വേണം സംഘടനകള്‍ മുന്നോട്ടുപോവേണ്ടത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ അതിശക്തമായ സ്വയം വിമര്‍ശനത്തിനു വിധേയമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 45ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരും സംഘടനകളും ശരിക്കു വേണ്ടി നിലകൊള്ളണം. ഉത്തരവാദിത്വം ശരിയായി നിര്‍വഹിക്കാത്ത വ്യക്തികളെ സംരക്ഷിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഉന്നതാധികാര കേന്ദ്രങ്ങളും സംഘടനാ സംവിധാനവും ഉപയോഗിക്കരുത്. തെറ്റായ കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണം. രണ്ടുവര്‍ഷത്തെ തന്റെ അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണു ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സെക്രട്ടേറിയറ്റിന് പുറത്തുള്ള സര്‍ക്കാര്‍ ജീവനക്കാരെല്ലാവരും ഒരേമനസ്സോടെ സമ്മതമറിയിച്ചിരുന്നു. ആശയപരമായ എന്തെങ്കിലും കുറവുകൊണ്ടോ സംഘടനാ ശേഷയില്ലാത്തതു കൊണ്ടോ അല്ല അവര്‍ ഒന്നിച്ചത്. എന്നാല്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇത്തരമൊരു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കാന്‍ സാധിക്കാത്തതെന്നു പരിശോധിക്കണം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കാര്യക്ഷമത വര്‍ധിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍, ഈ ക്ഷമത മതിയോ എന്നതില്‍ സ്വയംവിമര്‍ശനം നടത്തണം. കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിച്ച് കൂടുതല്‍ ജോലിഭാരം വരുന്ന മേഖലകള്‍ എങ്ങനെയെങ്കിലും ഒഴിവാക്കിക്കളയാമെന്നു ചിന്തിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഒന്നും ചെയ്യാതിരിക്കാനുള്ളതല്ല സര്‍വീസിലെ സ്വാതന്ത്ര്യം. ചെയ്യേണ്ടതു ചെയ്യുക തന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it