ജോലിസ്ഥലത്തെ ലൈംഗിക അതിക്രമം: നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം: ജോലിസ്ഥലത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിന് 258 ശിശു വികസന പദ്ധതി ഓഫിസര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി നിയമിക്കുന്നതിന് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. 2013ലെ ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരെയുള്ള ആക്റ്റിലെ സെക്ഷന്‍ 6(2) പ്രകാരമാണ് ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
2013ലെ ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരെയുള്ള ആക്റ്റ് പ്രകാരം 10ല്‍ താഴെ മാത്രം തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍ ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ലോക്കല്‍ കംപ്ലയിന്‍സ് കമ്മിറ്റി രൂപീകരിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരെയും നിയമം നടപ്പാക്കുന്നതിനുള്ള ജില്ലാ ഓഫിസര്‍മാരായി നിയമിച്ചിരുന്നു. ഈ നിയമ പ്രകാരമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ലോക്കല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്ക് അയച്ചു കൊടുത്ത് നിയമനടപടി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുന്നത്.
ശിശുവികസന പദ്ധതി ഓഫിസര്‍മാര്‍ നോഡല്‍ ഓഫിസര്‍മാര്‍ നിയമിതരാകുന്നതോടെ വേഗത്തില്‍ പരാതി നല്‍കാനും നടപടി സ്വീകരിക്കാനും കഴിയുമെന്നു മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Next Story

RELATED STORIES

Share it