World

ജേക്കബ് സുമയ്‌ക്കെതിരേ കുറ്റംചുമത്തി

ജൊഹാനാസ് ബര്‍ഗ്: ആയുധകരാര്‍ അഴിമതിക്കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്കെതിരേ കുറ്റംചുമത്തി. 75 കാരനായ സുമ ഇന്നലെ ഡര്‍ബനിലെ കോടതിയില്‍ ഹാജരായി. 15 മിനിറ്റോളമാണ് സുമ കോടതിയില്‍ ചെലവഴിച്ചത്്.
കേസ് ജൂണ്‍ 18 ലേക്ക് നീട്ടിവച്ചതായി കോടതി അറിയിച്ചു. പൊതുമുതല്‍ തട്ടിയെടുക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങി 16  കേസുകളാണ് സുമയ്‌ക്കെതിരേ നിലനില്‍ക്കുന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന്് കഴിഞ്ഞ ഫെബ്രുവരിയില്‍ സുമയെ രാജിവയ്പിക്കുകയായിരുന്നു.
സുമയ്ക്ക്് പിന്തുണ പ്രഖ്യാപിച്ച് കോടതിക്ക് സമീപം നൂറുകണക്കിനു പേര്‍ ഒത്തുകൂടി. ഒരാള്‍ക്കേതിരേ കുറ്റംചുമത്തുകയും അത് പിന്നീട് പിന്‍വലിക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതേ കുറ്റങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന അവസ്ഥ താന്‍ ഇതിനു മുമ്പു കണ്ടിട്ടില്ലെന്നും ഇതു രാഷ്ട്രീയ പകപോക്കലാണെന്നും സുമ പ്രതികരിച്ചു.
1999ലെ ആയുധ ഇടപാടില്‍ സുമ തന്റെ ധനകാര്യ ഉപദേഷ്ടാവ് മുഖേന ഫ്രഞ്ച് കമ്പനിയില്‍ നിന്നു പണം കൈപ്പറ്റിയെന്നാണ് കേസ്. കേസില്‍ ധനകാര്യ ഉപദേഷ്ടാവ് ഷാബിര്‍ ശെയ്ഖിനെ 2005ല്‍ കോടതി തടവിനു ശിക്ഷിച്ചിരുന്നു.  കേസില്‍  2009ല്‍  സുമയെ കോടതി വെറുതെവിടുകയായിരുന്നു.
Next Story

RELATED STORIES

Share it