Flash News

ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു



തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി)യുടെ ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഇന്നലെ രാവിലെ അദ്ദേഹം ഐഎംജിയിലെത്തി ചുമതലയേല്‍ക്കുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ചത്. വിജിലന്‍സ് നടപടികളില്‍ ഹൈക്കോടതിയില്‍ തുടര്‍ വിമര്‍ശനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പിന്നീട് പോലിസ് മേധാവിയായി ടി പി സെന്‍കുമാറിനെ നിയമിക്കേണ്ടി വന്നപ്പോള്‍, ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കി. ഇതേ തുടര്‍ന്നാണ് ജേക്കബ് തോമസിന്റെ അവധി രണ്ടരമാസത്തോളം നീണ്ടത്. അവധി കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. തുടര്‍ന്നാണ് ഐഎംജി ഡയറക്ടറായി നിയമനം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജിയുടെ ഡയറക്ടറായി ഒരുവര്‍ഷത്തേക്കാണു നിയമനം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിന് പിന്നിലെ കാരണം പിന്നീട് പറയാമെന്ന് ഐഎംജി ഡയറക്ടറായി സ്ഥാനമേറ്റ ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് പിന്നിലെ കാരണം ആദ്യം സര്‍ക്കാരാണോ താനാണോ പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎംജിയിലേക്ക് മാറ്റിയത് തന്നെ ഒതുക്കിയതാണെന്ന് കരുതുന്നില്ല.  കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്ന് പറഞ്ഞ ജേക്കബ് തോമസ് ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്നും വ്യക്തമാക്കി. പോലിസ് മേധാവി ഡിജിപി ടി പി സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ ഡിജിപി സ്ഥാനത്തെത്തുമോയെന്ന പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് നാളത്തെക്കാര്യം പോലും വലിയ പ്രതീക്ഷയില്ലാത്തപ്പോഴാണോ മറ്റന്നാളത്തെ കാര്യം എന്നായിരുന്നു പ്രതികരണം. ഒന്നും ഞാനായിട്ട് തീരുമാനിക്കുന്നതല്ലല്ലോയെന്നും ജനഹിതമാണ് എന്‍ മനമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it