Flash News

ജേക്കബ് തോമസിന് എതിരേ വിജിലന്‍സ് പരിശോധന തുടങ്ങി



തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായി ഉയര്‍ന്നുവന്ന അനധികൃത ഭൂമി ഇടപാട് പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. പരാതിക്കാരനായ കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂരിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് രണ്ടിലെ എസ്പി ജയകുമാറിന്റെ മുമ്പാകെ ഹാജരായാണ് അദ്ദേഹം മൊഴി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് ഏതാനും രേഖകളുടെ പകര്‍പ്പും അദ്ദേഹം വിജിലന്‍സിനു കൈമാറി. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ജേക്കബ് തോമസിനെതിരേ വിജിലന്‍സ് ദ്രുതപരിശോധന നടത്തും. ഡിജിപി ജേക്കബ് തോമസിന് തമിഴ്‌നാട്ടില്‍ അനധികൃത ഭൂമിയുണ്ടെന്ന പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് രണ്ട് പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്ര ടെക്‌നോ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറെന്ന നിലയില്‍ തമിഴ്‌നാട്ടിലെ രാജപാളയത്ത് 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്നു 100 ഏക്കര്‍ ഭൂമി അനധികൃതമായി വാങ്ങിയെന്നാണു പരാതി. മുമ്പു ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സത്യന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൊഴിയും രേഖകളും പരിശോധിച്ച ശേഷം കഴമ്പുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണത്തിനു എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്കു ശുപാര്‍ശ നല്‍കും. ജേക്കബ് തോമസിന്റെ വിശദീകരണവും വിജിലന്‍സ് തേടും. സത്യന്‍ നല്‍കിയ രേഖകളില്‍ പലതും ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തതാണ്. അതിന്റെ സാധുത വിജിലന്‍സ് പരിശോധിക്കും. സെന്‍കുമാര്‍ വിരമിച്ചാല്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഐഎംജി ഡയറക്ടര്‍ ജനറലായ ജേക്കബ് തോമസ്. പുതിയ പോലിസ് മേധാവിയെ നിശ്ചയിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുന്നതിനിടെയാണ്  ജേക്കബ് തോമസിനെതിരേ പരാതിയുയര്‍ന്നത്.
Next Story

RELATED STORIES

Share it