ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്

തുതിരുവനന്തപുരം: സര്‍വീസ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷനെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഐഎംജി ഡയറക്ടറായിരിക്കെ ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇത് ചട്ടപ്രകാരമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയുണ്ടായി.
സിവില്‍ സര്‍വീസ് ഉദ്യോഗസഥനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം 30 ദിവസത്തിനുള്ളില്‍ കേന്ദ്രത്തെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചില്ല. നിലവിലെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെയോ കാലാവധി പൂര്‍ത്തിയാവാതെയോ ആണ് വീണ്ടും ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, ഐഎംജി ഡയറക്ടറായിരിക്കെ എഴുതിയ കാര്യവും കാരണവും എന്നീ പുസ്തകങ്ങള്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നതാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനു നേരത്തേ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ശുപാര്‍ശയും നല്‍കി. തുടര്‍ന്നാണ് കാര്യവും കാരണവും പരിശോധിച്ചത്. രണ്ടും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എഴുതിയതാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പുസ്തക രചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സാഹിത്യ രചനയെന്നു പറഞ്ഞാണ് അനുമതി ചോദിച്ചതെങ്കിലും സാഹിത്യ സൃഷ്ടികളല്ലെന്ന് ചീഫ് സെക്രട്ടറി വിലയിരുത്തി.
വിജിലന്‍സ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ രൂപീകരിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അച്ചടക്കസമിതിക്കത് മുമ്പാകെ ഹാജരാവാന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണു നടപടിയുണ്ടായത്.
Next Story

RELATED STORIES

Share it