ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ക്ക് സ്‌റ്റേ

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരേ കേരള ഹൈക്കോടതിയില്‍ ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജേക്കബ് തോമസിന്റെ വിമര്‍ശനം ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരേയല്ല. മറിച്ച്, സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയാണ് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഹൈക്കോടതി തൊട്ടാവാടിയെപ്പോലെ ആവരുതെന്ന് നിരീക്ഷിച്ച ബെഞ്ച്, കേസില്‍ ഹൈക്കോടതി മുമ്പാകെയുള്ള തുടര്‍നടപടികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റുകയും ചെയ്തു. കേസില്‍ ഹൈക്കോടതിക്ക് സുപ്രിംകോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കുശേഷം അന്തിമവാദം കേള്‍ക്കും.
താനൊരിക്കലും കോടതിയെ വിമര്‍ശിച്ചിട്ടില്ലെന്നും അഴിമതിക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരേയാണ് വിമര്‍ശനം ഉന്നയിച്ചതെന്നുമാണ് ജേക്കബ് തോമസ് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സിവിസി) അയച്ച പരാതിയില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ജേക്കബ് തോമസിനെതിരായി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.  എന്നാല്‍, പരാതിയില്‍ എവിടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്ന ജസ്റ്റിസ് സിക്രിയുടെ ചോദ്യത്തിന് ഹൈക്കോടതിക്കു വേണ്ടി ഹാജരായ വി ഗിരിക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല.
ജേക്കബ് തോമസിന് നേരിട്ടു ഹാജരാവാന്‍ ഹൈക്കോടതി സമയം നീട്ടിനല്‍കിയതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായതിനാല്‍ തിങ്കളാഴ്ച ഹാജരാവാന്‍ കഴിയില്ലെന്ന് കേസ് പരിഗണിക്കവെ ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. സമയം നീട്ടിനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഏപ്രില്‍ ഒമ്പതിന് ഹാജരാവാന്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it