ജെഎന്‍യുവിനെതിരേ വിദ്വേഷ പ്രചാരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) കാംപസില്‍ ഇന്ത്യ—ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ചില ശക്തികള്‍ ഉണ്ടെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ക്കൊപ്പം അവരെ കണ്ടിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ജെഎന്‍യുവില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഭരണം പിടിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസ്താവന.
കുറച്ചു വര്‍ഷങ്ങളായി അവിടെ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ട്. അവിടെ നടക്കുന്നതൊന്നും നല്ല കാര്യങ്ങളല്ല. ഇന്ത്യക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ചില ശക്തികളാണ് ഇവരെ നയിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പോലും അവരുടെ പരിപാടികളില്‍ പരസ്യമായി പങ്കെടുക്കുന്നുണ്ടെന്നും ഇന്ത്യാ വിരുദ്ധതയെയാണ് ഇവരെ നയിക്കുന്നത് എന്ന് പറയുന്നതിനു മടിക്കേണ്ടതില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം, ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥിയും കേന്ദ്രമന്ത്രിസഭയിലെ ഉയര്‍ന്ന അംഗവുമായ നിര്‍മല സീതാരാമനില്‍ നിന്ന് ഇത്തരം തരംതാഴ്ന്ന പ്രസ്താവനകള്‍ ഉണ്ടാവുന്നത് പ്രതിഷേധാര്‍ഹമാണെന്നു വിദ്യാര്‍ഥി യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരായി നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗം തന്നെയാണ് ഇത്തരം പ്രസ്താവനകള്‍. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം കണ്ടുപിടിച്ചപദമാണ് ഇന്ത്യാ വിരുദ്ധര്‍ എന്നത്.€അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it