Flash News

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: പെന്‍ഷന്‍പ്രായവര്‍ധനയ്‌ക്കെതിരേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടിയെടുക്കുമെന്നു മന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അതേസമയം, പെന്‍ഷന്‍പ്രായവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതിനു പകരം പിജി പഠനത്തിനുശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ ഒരുതരത്തിലുള്ള ശിക്ഷാനടപടിയും സ്വീകരിക്കില്ല. മുടങ്ങിപ്പോയ പരീക്ഷയെഴുതാന്‍ വീണ്ടും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് ഒരുതരത്തിലും ജൂനിയര്‍ ഡോക്ടര്‍മാരെയോ പിജി ഡോക്ടര്‍മാരെയോ ബാധിക്കില്ല. 44 മെഡിക്കല്‍ കോളജ് അധ്യാപകര്‍ ഈ വര്‍ഷം വിരമിക്കുന്നുണ്ട്. പകരം 175 അധ്യാപക തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിച്ചിട്ടുള്ളത്. ആ നിലയ്ക്ക് ജൂനിയര്‍ ഡോക്ടര്‍മാരുടെ അവസരം കുറയുന്നില്ല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ റാങ്ക്‌ലിസ്റ്റ് നിലവിലുള്ള പല വിഭാഗങ്ങളിലും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നില്ലെന്നത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാനും ഇന്നലെ തീരുമാനമായി. ആരോഗ്യവകുപ്പില്‍ ആറുമാസത്തിനകം നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്നും ആരോഗ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
അതേസമയം, ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ആവശ്യം മന്ത്രി നിരാകരിച്ചു. ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്‍കുന്ന സാഹചര്യം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it