ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്ര അനുവദിക്കില്ല

കൊച്ചി: ഡീസല്‍ വില അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം സൗജന്യനിരക്കിലുള്ള യാത്ര അനുവദിക്കില്ലെന്ന് ഒരുവിഭാഗം സ്വകാര്യ ബസ്സുടമകള്‍. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അടുത്തകാലത്തെ ബസ് ചാര്‍ജ് വര്‍ധനയ്ക്കുശേഷം ഡീസല്‍ വിലയില്‍ മാത്രം ഒമ്പതു രൂപയിലധികം വര്‍ധനയുണ്ടായി. അന്നു വര്‍ധിപ്പിച്ച ചാര്‍ജ് പര്യാപ്തമല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. അതിനാല്‍ 1966ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന വിധിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 1 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്നും കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റിയന്‍, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥന്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
1966ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇന്നുതന്നെ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, യാതൊരുവിധ സൗജന്യയാത്രയും ഇനി അനുവദിക്കില്ല. മെയ് എട്ടിന് ബസ്സുടമകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ രാപകല്‍ സമരം നടത്തും. അതേസമയം, ഡീസല്‍ വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്.
Next Story

RELATED STORIES

Share it