Flash News

ജുനൈദ് വധം: വിചാരണക്കോടതി നടപടികള്‍ സ്‌റ്റേ ചെയ്

ന്യൂഡല്‍ഹി: തീവണ്ടിയാത്രയ്ക്കിടെ മര്‍ദനത്തിനിരയായി ജുനൈദ് ഖാന്‍ എന്ന മദ്‌റസാ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണക്കോടതി നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസ്  സിബിഐക്കു വിടണമെന്ന ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്റെ ആവശ്യം തള്ളിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ച് സിബിഐക്കും ഹരിയാന സര്‍ക്കാരിനും കോടതി നോട്ടീസയച്ചു.  ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എം ശന്തന ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അന്വേഷണത്തിലും വിചാരണാഘട്ടത്തിലുമുണ്ടായ അട്ടിമറിനീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്. സംഭവത്തെ കേവലം വണ്ടിയിലെ സീറ്റ്തര്‍ക്കം മാത്രമാക്കി ഒതുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും പോലിസിന്റെയും നീക്കത്തെയാണ് ഹരജിയില്‍ ചോദ്യംചെയ്യുന്നത്. മതസ്പര്‍ധ വളര്‍ത്തല്‍, നിയമ വിരുദ്ധമായി സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളൊന്നും തെളിയിക്കാന്‍ പോലിസിനു കഴിഞ്ഞില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. വിചാരണയ്ക്കിടെ കേസിലെ മുഖ്യപ്രതി നരേഷ്‌കുമാറിന്റെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗഷിക് സഹായിച്ച സംഭവവും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളിയതോടെ അദ്ദേഹം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. നിലവില്‍ സംസ്ഥാന പോലിസ് നല്ലനിലയില്‍ അന്വേഷിച്ചുവരുന്നുണ്ടെന്ന സിബിഐ നിലപാട് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. ഇതേ നിലപാട് ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിച്ചതോടെയാണ്  സുപ്രിംകോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it