kannur local

ജീവനും സ്വത്തിനും സംരക്ഷണം തേടി സ്ത്രീകളും കുട്ടികളും പോലിസ് സ്റ്റേഷനില്‍

വളപട്ടണം: അഴീക്കോട്ടും പരിസരപ്രദേശങ്ങളിലും സിപിഎം തുടരുന്ന അക്രമത്തില്‍ ജീവനും സ്വത്തിനും സംരക്ഷണം തേടി അക്രമത്തിനിരയായ വീട്ടിലെ സ്ത്രീകളും കുട്ടികളും വളപട്ടണം പോലിസ് സ്‌റ്റേഷനില്‍. കപ്പക്കടവിലെ 15ഓളം വീട്ടമ്മമാരും അവരുടെ കുട്ടികളുമാണു ഇന്നലെ വൈകീട്ട് 7.30ഓടെ വളപട്ടണം സിഐ ഓഫിസില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയത്. അക്രമം കാരണം തങ്ങള്‍ ഭീതിയിലാണെന്നും കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും ഇവര്‍ പറഞ്ഞു. സംഘര്‍ഷമേഖലയില്‍ പോലിസിനെ വിന്യസിച്ചിട്ടും ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി തുടരുകയാണ്. പട്ടാപ്പകല്‍ പോലും വീടുകള്‍ തകര്‍ക്കുന്നു. ബോംബെറിഞ്ഞും മറ്റും ഇതിനകം 11 വീടുകള്‍ ആക്രമിച്ചു. രാത്രിയിലും അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഭീതി കാരണം മനസമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നില്ല. അക്രമികള്‍ ആരാണെന്നു തങ്ങള്‍ക്കറിയാം. ചൂണ്ടിക്കാട്ടിയിട്ടും പോലിസ് ഇവരെ പിടികൂടുന്നില്ല. പകരം നിരപരാധികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലിസ് നീതിപൂര്‍വം ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സിഐ എം കൃഷ്ണന്‍ ഉറപ്പുനല്‍കി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത്, വൈസ് പ്രസിഡന്റ് ദുജാന്‍ മന്ന, സെക്രട്ടറി നവാസ് കാട്ടാമ്പള്ളി, എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ അഴീക്കല്‍ തുടങ്ങിയവരും സ്റ്റേഷനിലെത്തി. അതേസമയം, ഇരുകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് പോലിസ് നടത്തിയ ചര്‍ച്ച അലസി. പ്രതികളെ പിടികൂടാതെ ചര്‍ച്ചയ്ക്കില്ലെന്നു വ്യക്തമാക്കി എസ്ഡിപിഐ നേതാക്കള്‍ ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it