Alappuzha local

ജി സുധാകരന്‍ കാട്ടുന്നത് രാഷ്ട്രീയ വൈരാഗ്യം: എം ലിജു

ആലപ്പുഴ:നഗരത്തില്‍ മുല്ലയ്ക്കല്‍ ചിറപ്പിനോടനുബന്ധിച്ച് നഗരസഭ ലേലം ചെയ്തു നല്‍കിയ കടകള്‍ പോലീസിനെ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടു മാത്രമാണെന്നും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നരഗസഭ ഭരണത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുവാനും, ദുര്‍ബലപ്പെടുത്തുവാനും മന്ത്രി ശ്രമിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ.എം ലിജു ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്ത നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഹൈക്കോടതി റോഡ് മാര്‍ജിനില്‍ കട സ്ഥാപിക്കുവാനും, പ്രസ്തുത കടകള്‍ ലേലം ചെയ്യാനുള്ള അവകാശം നഗരസഭക്കാണെന്ന്് വിധിച്ചിട്ടുള്ളതുമാണ്. കോടതി വിധി നിലവിലിരിക്കെ യാതൊരു മുന്നറിയിപ്പും കൂടാതെയും, റോഡ് മാര്‍ജിനുള്ളിലാണോ കടകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പരിശോധിക്കാതെയും ബലപ്രയോഗത്തിലൂടെയാണ് പൊതുമരാമത്ത് വകുപ്പ് കടകള്‍ പൊളിച്ചു നീക്കിയത്. ഇതുമൂലം ഭീമമായ നഷ്ടമാണ് നഗരസഭക്ക് ഉണ്ടായത്. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ കോടതി വിധി ഉണ്ടാകും എന്ന് മനസ്സിലാക്കിയാണ് കടകള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കാം എന്ന ഉത്തരവുമായി ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് രംഗത്ത് വന്നത്. ഇത് കോടതി പരാമര്‍ശത്തില്‍ നിന്നും രക്ഷപെടുവാനുള്ള അടവ് നയമാണെന്ന് ലിജു പറഞ്ഞു. 22ന് രാവിലെ 10 ന് സുധാകരന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചു നടത്തുവാനും നേതൃയോഗം തീരുമാനിച്ചു. ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it