ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിനു സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. നെഹ്‌റു കോളജില്‍ ജിഷ്ണുവിന്റെ സഹപാഠിയായിരുന്ന അമലിന്റെ മൊഴിയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്.
പഴയന്നൂര്‍ പോലിസ് സ്‌റ്റേഷനില്‍ കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആദ്യത്തെ എഫ്‌ഐആറില്‍ പ്രതികള്‍ ഇല്ലായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ പോലിസ് പിന്നീട് പ്രതിചേര്‍ത്തവര്‍ക്ക് ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും തെളിവുണ്ടെങ്കില്‍ അവര്‍ പ്രതികളാവുമെന്നും സിബിഐ വ്യക്തമാക്കി.
പോലിസ് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ എറണാകുളം സിജെഎം കോടതിക്ക് കൈമാറുകയാവും ചെയ്യുക. അതിനു ശേഷമാവും കേസില്‍ ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പരാതിയില്‍ സുപ്രിംകോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it