kozhikode local

ജിഷ്ണുവിന്റെ ഡിഎന്‍എ ടെസ്റ്റും അട്ടിമറിക്കപ്പെട്ടു : മുഖ്യമന്ത്രിക്കെതിരേ മഹിജ



നാദാപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ ഒന്നും തന്നെ ഒരു മാസമായിട്ടും പാലിച്ചില്ലെന്നും സര്‍ക്കാരിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ. തനിക്ക് നീതി ലഭിക്കാനായി അടുത്ത ദിവസം തന്നെ പുതിയ ഡിജിപി സെന്‍കുമാറിനെ കാണുമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്തിന് മുന്നില്‍ തന്നെ മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ജിഷ്ണുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് അട്ടിമറിച്ച ഡോക്ടര്‍ ജെറി ജോസഫിനെതിരെയും, തന്റെ മകന്റെ പേരില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് നിര്‍മിച്ച കോളജധികൃതര്‍ക്കെതിരെയും, എഫ്‌ഐആറില്‍ കൃത്രിമം കാണിച്ച എസ്‌ഐക്കെതിരെയും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നെ വിളിച്ചു ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒരാള്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല മഹിജ പറഞ്ഞു. തിരുവനന്തപുരത്ത് സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാരും തന്റെ കുടുംബവും തമ്മില്‍ ഉണ്ടാക്കിയ പത്ത് വ്യവസ്ഥകളുള്ള കരാര്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ലംഘിച്ചച്ചതായും അവര്‍ പറഞ്ഞു.കോളജിലെ ഇടിമുറിയില്‍ നിന്നുലഭിച്ച രക്തം ജിഷ്ണുവിന്റേതാണ് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ വച്ച് അച്ഛന്‍ അശോകന്റെയും, അമ്മ മഹിജയുടെയും രക്ത സാമ്പിള്‍ എടുത്തിരുന്നു. അന്ന് കണ്ടെത്തിയത് ഒ പോസിറ്റീവ് രക്തമാണെന്നും ജിഷ്ണുവിന്റെ രക്തവും ഒ പോസിറ്റീവ് ആയിരുന്നുവെന്നും ഇത് ജിഷ്ണുവിന്റേതാണെന്നും പോലിസ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തിന് നല്‍കിയ റിപോര്‍ട്ടില്‍ ജിഷ്ണുവിന്റെ ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിവരമാണുള്ളത് . ഇതോടെ ഈ കേസില്‍ ശക്തമായ ഒരുതെളിവും നശിപ്പിക്കപ്പെട്ടു. ഈ തെളിവ് കൂടി നഷ്ടപ്പെട്ടാല്‍ ജിഷ്ണുവിന് കോളജിലെ ഇടിമുറിയില്‍ വച്ച് ഉണ്ടായ മര്‍ദ്ദനമാണ് മരണകാരണമെന്നുള്ള ബന്ധുക്കളുടെ ആരോപണത്തിന് തെളിവില്ലാതാകും.ജീഷ്ണു കേസില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം നീതി ലഭിക്കുമെന്ന പ്രതിക്ഷ നല്‍കുന്നുണ്ടെന്നും മഹിജ പറഞ്ഞു. നീതി ലഭിക്കാനായി ഏതറ്റംവരെയും പോകുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം മഹിജയെ സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികളെ ജയിലില്‍ അടക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു ഇതും പാലിക്കപ്പെട്ടില്ല.
Next Story

RELATED STORIES

Share it