thrissur local

ജില്ലാ കൃഷി ഓഫിസ് സമുച്ചയത്തിനായി നിര്‍മിച്ച കെട്ടിടത്തിന് അനുമതി ഇല്ലെന്ന് ആക്ഷേപം



തൃശൂര്‍: ജില്ലാ കൃഷി ഓഫീസ് സമുച്ചയത്തിനായി 10 കോടി ചിലവഴിച്ച് ചെമ്പൂക്കാവില്‍ നാലുനില കെട്ടിടം നിര്‍മ്മിച്ചത് നിര്‍മ്മാണാനുമതി ഇല്ലാതെയെന്നാക്ഷേപം. ഇവിടെ പ്രവര്‍ത്തിക്കേണ്ട ഓഫീസുകള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉദ്ഘാടനം കഴിഞ്ഞ് 16 മാസമായ കെട്ടിട സമുച്ചയം ഇനിയും തുറന്നു പ്രവര്‍ത്തിക്കാനുള്ള ഭൗതിക സാഹചര്യമായിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് തിരക്കിട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച കൂട്ടത്തില്‍പ്പെട്ടതാണ് ജില്ലാ കൃഷി ഓഫീസ് സമുച്ചയം. ഉദ്ഘാടനം നടത്തുമ്പോള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണമൊഴികെ മറ്റ് അനുബന്ധ സൗകര്യങ്ങളൊന്നുമിവിടെ സജ്ജമായിട്ടില്ലായിരുന്നു. തൃശൂര്‍ എംഎല്‍എ വി എസ് സുനില്‍കുമാര്‍ കൃഷിമന്ത്രിയായതോടെ മന്ത്രിയുടെ മണ്ഡലത്തിലെ കൃഷി ഓഫീസ് സമുച്ചയത്തിന് പെട്ടെന്നു തന്നെ ശാപമോക്ഷമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എല്ലാ നിര്‍മ്മാണവും പൂര്‍ത്തീകരിച്ച് വൈദ്യുതി ലഭിക്കാനായി അപേക്ഷ നല്‍കിയപ്പോഴാണ് കോര്‍പ്പറേഷന്റെ നിര്‍മ്മാണ അനുമതിയില്ലാതെയാണ് കെട്ടിടം പണിതതെന്ന് വ്യക്തമാകുന്നത്. കോള്‍പാടങ്ങളിലെ ബണ്ട് നിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി പരിചയമുള്ള കെ.എല്‍. ഡി.സി.യാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ചത്. കെഎല്‍ഡിസി സബ് കോണ്‍ട്രാക്ട് കൊടുത്തവര്‍ അനുമതിയില്ലാതെയും ബില്‍ഡിംഗ് റൂള്‍ പാലിക്കാതെയുമാണ് സമുച്ചയം നിര്‍മ്മിച്ചതെന്ന ആക്ഷേപമാണുയര്‍ന്നിട്ടുള്ളത്. റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്താണ് അണ്ടര്‍ ഗ്രൗണ്ട് ടാക്കീസും മഴവെള്ള സംഭരണിയും പണിതിട്ടുള്ളത്. ജില്ലാ കൃഷി ഓഫീസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ കൃഷിഭവന്‍, വിത്തുവികസന കോര്‍പ്പറേഷന്‍ ഓഫീസ്, മണ്ണുപരിശോധനാ കേന്ദ്രം, ലാബറട്ടറി എന്നിങ്ങനെയുള്ള പ്രധാന കൃഷി ഓഫീസുകള്‍ ഈ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. കൃഷി ഓഫീസ് സമുച്ചയം തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ കൃഷി വകുപ്പിന്റെ വലിയ തുക ഈവിധം നഷ്ടമായി കൊണ്ടിരിക്കുകയാണ്. 5 കോടി ചിലവിട്ട് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇവിടെ വിഷുവിന് മുമ്പായി തുടങ്ങുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനവും യാഥാര്‍ഥ്യമായിട്ടില്ല. കൃഷിമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ കൃഷി ഓഫീസ് സമുച്ചയം സര്‍ക്കാരിന് ബാധ്യതയാകുന്ന സാഹചര്യത്തില്‍ സാങ്കേതിക കുരുക്ക് പരിഹരിച്ച് ഓണത്തിനെങ്കിലും ഈ കെട്ടിട സമുച്ചയം പ്രവര്‍ത്തനസജ്ജമാക്കാന്‍ കൃഷിമന്ത്രി ഇടപെടണമെന്നാണാവശ്യം.
Next Story

RELATED STORIES

Share it