palakkad local

ജില്ലാ കലോല്‍സവം സമാപിച്ചത് അര്‍ധരാത്രി

നെന്മാറ: സംഘാടനത്തിലെ പിഴവ് കാരണം ജില്ലാ കലോല്‍സവം സമാപിച്ചത് അര്‍ധരാത്രിയില്‍. ഇതോടെ സബ് ജില്ലാതല വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനും സമാപന ദിവസം കഴിഞ്ഞില്ല. വേദി ഒന്നിലെ ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരക്കളി കഴിഞ്ഞത് രാത്രിയില്‍. ചെണ്ടമേളവും പഞ്ചവാദ്യവും അര്‍ധരാത്രിയായിട്ടും കഴിഞ്ഞില്ല. വേദി ഒന്നിലെ തിരുവാതിരകളി പകുതിയില്‍ നിര്‍ത്തിയാണ് സമാപന സമ്മേളനം നടത്തിയത്.
ഇതും മല്‍സരം വൈകാന്‍ കാരണമായി. പഞ്ചവാദ്യം കഴിഞ്ഞപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞു. അതുകൊണ്ട് മല്‍സരഫലവും വൈകി. രാവിലെ പത്തിന്  നടക്കേണ്ട  ചെണ്ട തായമ്പക ഒരു മണിക്കാണ് ആരംഭിച്ചത്. രാവിലെ ജിഎച്ച്എച്ച്എസ്  ഓഡിറ്റോറിയത്തില്‍  നടക്കേണ്ട  പരിപാടി ഒന്നര കിലോമീറ്റര്‍ അകലെ നെല്ലികുളങ്ങര ഭഗവതി ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കുട്ടികള്‍  എത്തിയപ്പോള്‍ മാത്രമാണ് വേദി  മാറ്റിയ വിവരം അറിയുന്നത്.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍  നിന്നുമെത്തിയ കുട്ടികളും രക്ഷിതാക്കളും പരിപാടി നീണ്ടതോടെ വലഞ്ഞു. കുട്ടികള്‍ തളര്‍ന്നു. മല്‍സരം കഴിഞ്ഞത് പാതിരാത്രിയിലായതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് തിരിച്ചു പോവാനായില്ല. രാത്രി താമസ സൗകര്യമൊരുക്കാനും സംഘടകര്‍ക്കു കഴിഞ്ഞില്ല. മിക്ക ദിവസങ്ങളിലും വേദികള്‍ മാറ്റുകയും പരിപാടികള്‍ വൈകി തുടങ്ങുകയും ചെയ്തതായി  രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it