kannur local

ജില്ലാ ആശുപത്രിയില്‍ സ്‌കാനിങ് സംവിധാനം പുനരാരംഭിച്ചില്ല

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കില്‍ സേവനം ലഭിച്ചുകൊണ്ടിരുന്ന അള്‍ട്രാ സൗണ്ട് സ്‌കാനിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇനിയും പുനാരാ—രംഭിച്ചില്ല. പരിശോധനയ്‌ക്കെത്തിയ രോഗികള്‍ ഇന്നലെ കൂട്ടത്തോടെ ബഹളംവച്ചു. ഇവിടെ സ്‌കാനിങ് നിലച്ചിട്ട് മൂന്നുമാസമായി.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേരത്തെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ ഒരുക്കിയത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയം പാഴാക്കാതെ തന്നെ സ്‌കാനിങ് എടുക്കാന്‍ കഴിഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ 1500 രൂപ വരെ ഈടാക്കുന്ന സംവിധാനം ജില്ലാ ആശുപത്രിയില്‍ നിര്‍ധന രോഗികള്‍ക്ക് സൗജന്യമാണ്.
എപിഎല്‍ കാര്‍ഡുള്ള രോഗികള്‍ക്ക് 600 രൂപയാണു ഫീസ്. ഗര്‍ഭിണികള്‍ക്കും വയറുവേദനയുള്ള രോഗികള്‍ക്കും കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്കും രോഗനിര്‍ണയം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ണയിക്കുന്ന പരിശോധനയാണ് അല്‍ട്രാ സ്‌കാനിങ്. അപകടംപറ്റി വരുന്ന രോഗികളുടെ വയറ്, നെഞ്ച് എന്നിവിടങ്ങളിലെ രക്തവാര്‍ച്ചയും ശ്വാസകോശം, ഹൃദയം എന്നിവയുടെ അവസ്ഥയും വളരെ കൃത്യമായറിയാന്‍ ഇതിലൂടെ കഴിയും.
പിന്നീടാണ് തുടര്‍ചികില്‍സ തീരുമാനിക്കുക. ഡോ. ഷരീഫ് ആണ് ജില്ലാ ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം സ്വന്തം ജില്ലയിലേക്ക് സ്ഥംലമാറി പോയതാണ് സ്‌കാനിങ് റൂമിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണം. പകരം ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതുകാരണം നിര്‍ധന രോഗികള്‍ മറ്റുമാര്‍ഗമില്ലാതെ  സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്.
എന്നാല്‍, ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തിയാല്‍ മാത്രമേ അള്‍ട്രാ സൗണ്ട് സ്‌കാനിങ് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുടെ സേവനം പൂര്‍ണതോതില്‍ ലഭിക്കുകയുള്ളൂ. ഇതിനായി ജില്ലാ പഞ്ചായത്ത് ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വിവിധ ബ്ലോക്കുകളുടെ നവീകരണം തുടരുകയാണ്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കിയാല്‍ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it