Alappuzha local

ജില്ലയെ ഭീതിയിലാഴ്ത്തി ഡെങ്കിപ്പനി പടരുന്നു



ആലപ്പുഴ:  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭീതി വിതച്ച് ഡെങ്കിപ്പനി പടരുന്നു. നാല് പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുപ്പപ്പുറം, മുഹമ്മ, ചുനക്കര, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് നാല് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം ജില്ലയില്‍ 631 പേര്‍ പനിക്ക് ചികിത്സ തേടിയെത്തി.ഇതില്‍ 18 പേരെ വിവിധ ആശുപത്രികളില്‍ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു.മൂന്ന് പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്.വയറിളക്ക രോഗം ബാധിച്ച് 84 പേര്‍ ചികിത്സ തേടിയെത്തി.ആറ് പേര്‍ക്ക് ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.   കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളെത്തിയിരുന്നു.എന്നാല്‍ വ്യക്തമായ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.മുഹമ്മ,പള്ളിപ്പുറം ഭാഗങ്ങളിലാണ് പനി ബാധിതര്‍ ഏറെയുള്ളത്.    കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫല്‍വി വൈറസുകളാണ് ഇതുണ്ടാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഫല്‍വിവൈറിഡെ കുടുംബത്തില്‍പ്പെട്ട ഫല്‍വിവൈറസുകളാണ് രോഗാണുക്കളായി വര്‍ത്തിക്കുന്നത്.ഇവയുടെ നാല് സീറോ ടൈപ്പുകളെ (ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള ഏകശ്രേണിയില്‍ റൈബോന്യൂക്ലിക് അണ്ടം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഡെങ്കിപ്പനി മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
Next Story

RELATED STORIES

Share it