kozhikode local

ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കും: കലക്ടര്‍

കോഴിക്കോട്: അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുന്നതോടെ കോഴിക്കോട് ജില്ല പൂര്‍ണമായും ഭിന്നശേഷി സൗഹൃദ ജില്ലയായി മാറുമെന്ന് കലക്ടര്‍ യു വി ജോസ്. ഭിന്നശേഷി മേഖലയില്‍ കോഴിക്കോട് എസ്എസ്എ നടത്തുന്ന പരിപാടികള്‍ സംസ്ഥാനത്തിന് മാതൃകയാണ്. എസ്എസ്എ നടത്തുന്ന ഒരാഴ്ചത്തെ ബോധവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിനാര്‍, കലാപരിപാടികള്‍, സിനിമാ പ്രദര്‍ശനം, രക്ഷാകര്‍തൃസംഗമം, റിസോഴ്‌സ് അധ്യാപക പരിശീലനം എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍. രാവിലെ നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ നിന്നാരംഭിച്ച ബോധവല്‍ക്കരണ റാലിയുടെ ഫഌഗ് ഓഫും കലക്ടര്‍ നിര്‍വഹിച്ചു. കലക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ ഓഫിസിലേക്ക് പോലും ഭിന്നശേഷിക്കാര്‍ക്ക് കയറി വരാനാവില്ല. റാംപോ ലിഫ്‌റ്റോ ഇല്ലാത്തവയാണ് നമ്മുടെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും.
സ്‌കൂളുകളിലും ഇതേ പ്രശ്‌നം കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് തെറാപ്പിയും ചികില്‍സയും ലഭ്യമാക്കാന്‍ എസ്എസ്എ തുടങ്ങിയിട്ടുള്ള ഓട്ടിസം സെന്ററുകള്‍ വലിയ അനുഗ്രഹമാണ്. ഇതിന്റെ നവീകരണത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ഉറപ്പാക്കും. ചികില്‍സാ സൗകര്യങ്ങളൊരുക്കുന്നതുപോലെതന്നെ പ്രധാനമാണ് പൊതു സമൂഹത്തെ ബോധവല്‍കരിക്കുക എന്നതും. ഓട്ടിസം ബാധിതരെ സംബന്ധിച്ച് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുക എന്നത് പ്രധാനമാണെന്നും കലക്ടര്‍ പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കിഷന്‍ചന്ദ് അധ്യക്ഷനായി.
ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, ജില്ലാ പ്രോഗ്രാം  ഓഫിസര്‍ എ കെ അബ്ദുള്‍ ഹക്കീം, ഡിപിഒ എം ജയകൃഷ്ണന്‍,  വി വസീഫ് സംസാരിച്ചു. ഓട്ടിസം മേഖലയിലെ നൂതന പ്രവണകള്‍” എന്ന വിഷത്തില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് സര്‍വകലാശാല മനശ്ശാസ്ത്ര വിഭാഗത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ നികേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ എസ് വാസുദേവന്‍, വി ഹരീഷ്, കെ ബീനാകുമാരി സംസാരിച്ചു.
Next Story

RELATED STORIES

Share it