thiruvananthapuram local

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകമ്പോളങ്ങളെല്ലാം പൂ ര്‍ണമായും അടഞ്ഞുകിടന്നു. നിരത്തുകള്‍ പൊതുവെ വിജനമായിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാക്‌സി, കരാര്‍ വാഹനങ്ങള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍, സ്‌കൂള്‍ ബസ്സുകള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. ഹര്‍ത്താലില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ ആക്രമണ സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. പാറശ്ശാലയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഗര്‍ഭിണിയെ തടഞ്ഞതിനെ ചൊല്ലി സിപിഎമ്മുകാരും കോണ്‍ഗ്രസ്സുകാരും തമ്മില്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രധാനഗേറ്റ് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചെങ്കിലും ഇവരെ പിന്നീട് പോലിസെത്തി നീക്കം ചെയ്തു. ഹര്‍ത്താല്‍ ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. വിഎസ്എസ്‌സിയേയുംഹര്‍ത്താല്‍ ബാധിച്ചില്ല. കഴക്കൂട്ടം ജങ്്ഷനിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളെ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കഠിനംകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാര്‍ തുറന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയവരെ സ്വകാര്യ വാഹനങ്ങളിലും പോലിസ് വാഹനങ്ങളിലും ആംബുലന്‍സിലുമായാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എഐസിസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ തിരസ്‌കരിച്ച മോദി സര്‍ക്കാരിനുള്ള ആദ്യ താക്കീതാണ് ഹര്‍ത്താലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഹെഡ് പോസ്റ്റോഫിസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന ജോലിയായി മാറിയെന്ന് വിജയരാഘവന്‍ പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനും ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രദ്ധിച്ചു. വഴിയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് സന്നദ്ധസംഘടനകളും മാതൃകയായി.

Next Story

RELATED STORIES

Share it