wayanad local

ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു



മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഇതോടെ ഡിഫ്തീരിയ ബാധിതരുടെ എണ്ണം അഞ്ചായി. വെള്ളമുണ്ട പഞ്ചായത്തിലെ 21കാരിക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. തൊണ്ടവേദനയും പനിയുമായി മെയ് 28ന് യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 30ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ സ്വാബ് കള്‍ച്ചര്‍, പിസിആര്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 11കാരനാണ് ഈ വര്‍ഷം ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൂതാടി പഞ്ചായത്തിലെ 17കാരിക്കും മാനന്തവാടി നഗരപരിധിയിലുള്ള 15കാരിക്കും ചീരാലിലെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലെ ആദിവാസി കോളനിയിലെ ഒമ്പതു വയസ്സുകാരിക്കുമാണ് രോഗം പിടിപെട്ടത്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും പ്രതിരോധ മരുന്നുകളോടുള്ള ചിലരുടെ മനോഭാവമാണ് ജില്ലയില്‍ ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ടാക്കിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തൊണ്ടവേദനയും പനിയും ഉള്ളവര്‍ എത്രയും പെട്ടെന്നു ചികില്‍സ തേടണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it