kannur local

ജില്ലയില്‍ പാന്‍മസാല ഉപയോഗം കൂടുന്നതായി എക്‌സൈസ്

കണ്ണൂര്‍: ജില്ലയില്‍ പാന്‍മസാല ഉപയോഗം കൂടിവരുന്നതായി എക്‌സൈസ് വകുപ്പ്. ജില്ലാതല ജനകീയ സമിതി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി വി സുരേന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 263.440 കിലോ പാന്‍മസാല പിടിച്ചെടുത്തു. ട്രെയിന്‍ വഴിയുള്ള പാന്‍മസാല കടത്ത് തടയാന്‍ പരിമിതികളുണ്ട്. എങ്കിലും പരിശോധനകള്‍ നടക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും മറ്റും പരിശോധന തുടരുകയാണ്. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് (കോട്പ) 434 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 അബ്കാരി കേസുകളും, 48 എന്‍ഡിപിഎസ് കേസുകളുമെടുത്തു. വിവിധ കേസുകളിലായി 69 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നായി ഉപയോഗിക്കുന്ന 16 നൈട്രോസ്പാം ഗുളികകള്‍ പിടികൂടി. മയക്കുമരുന്ന് പൊടിയായ എംഡിഎംഎ 400 മില്ലി ഗ്രാമും, എല്‍എസ്ഡി 0.250 ഗ്രാമും, ചരസ് 106 ഗ്രാമും, കഞ്ചാവ് 13.470 ഗ്രാമും പിടിച്ചെടുത്തു. 7.500 ലിറ്റര്‍ ചാരായവും, 45.500 ലിറ്റര്‍ വിദേശമദ്യവും മറ്റ് സംസ്ഥാനനങ്ങളില്‍നിന്നുള്ള 166.63 ലിറ്റര്‍ മദ്യവും, 23.100 ലിറ്റര്‍ ബിയറും, 70 ലിറ്റര്‍ കള്ളും, 3259 ലിറ്റര്‍ വാഷും കസ്റ്റഡിയിലെടുത്തു.
ലഹരി ഉപയോഗവും വില്‍പനയും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ കെ  അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വയക്കാടി ബാലകൃഷ്ണന്‍, സി ബാബു, എം നൗഷാദ്, ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it