ernakulam local

ജില്ലയില്‍ ഓട്ടോ ടാക്‌സി പണിമുടക്ക് യാത്രക്കാരെ വലച്ചു

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യം നല്‍കിയതില്‍ പ്രതിഷേധിച്ച്  സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഓട്ടോടാക്‌സി പണിമുടക്ക് യാത്രക്കാരെ വലച്ചു. സമരത്തെ കുറിച്ച് ധാരണയില്ലാതെ റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും എത്തിയ യാത്രക്കാരെയാണ് സമരം ഏറെ ബാധിച്ചത്. റെയില്‍വേ സ്റ്റേഷനിലിറങ്ങിയവര്‍ കാല്‍നടയായി ബസ് സ്റ്റാന്റുകളിലേക്ക് പോവുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഗേജും മറ്റുമായി എത്തിയവര്‍ ഏറെ ക്ലേശിച്ചു. പലരും തലചുമടായാണ് ലഗേജുകള്‍ പുറത്തെത്തിച്ചത്. ദീര്‍ഘദൂര ബസുകളിലെത്തി ഓഫിസുകളിലേക്കും ജോലി സ്ഥലത്തേക്കും പോകാന്‍ ഓട്ടോറിക്ഷകളെ ആശ്രയിച്ചിരുന്നവരും വെട്ടിലായി. കൊച്ചി നഗരത്തില്‍ യൂനിയനുകളില്‍ ഒന്നും ഉള്‍പ്പെടാത്ത ചില ടാക്‌സികളും ഓട്ടോറിക്ഷകളും രാവിലെ നിരത്തിലിറങ്ങിയെങ്കിലും സമരക്കാര്‍ തടഞ്ഞതോടെ ഇവരും സര്‍വീസ് അവാസനിപ്പിച്ചു. നഗരത്തിലെ അംഗീകൃത ടാക്‌സി സ്റ്റാന്‍ഡുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പാര്‍ക്കിങ്ങിന് അനുമതി നല്‍കിയിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതു നിലനില്‍ക്കേ എറണാകുളം നോര്‍ത്ത്, സൗത്ത്, ആലുവ റെയില്‍വേ സ്‌റ്റേഷനുകളിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പാര്‍ക്കിങ് സ്ഥലം അനുവദിച്ചതോടെയാണ് പണിമുടക്കിലേക്കു നീങ്ങിയത്. കഴിഞ്ഞദിവസമായിരുന്നു ഇത് സംബന്ഛിച്ച ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്. വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, ടിയുസിഐ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ പ്രകടനവും നടത്തി.
Next Story

RELATED STORIES

Share it