Pathanamthitta local

ജില്ലയില്‍ ഇനി റേഷന്‍ വിതരണം പൂര്‍ണമായും ഇ-പോസ് മെഷീന്‍ വഴി

പത്തനംതിട്ട: ജില്ലയിലെ 830 റേഷന്‍ കടകളിലും ഈ മാസം മുതല്‍ റേഷന്‍ വിതരണം പൂര്‍ണമായും ഇപോസ് മെഷീന്‍ വഴിയായിരിക്കും നടത്തുകയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി പ്രസന്നകുമാരി അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ 40 കടകളില്‍ മാര്‍ച്ച് മുതല്‍ ഇപോസ് മെഷീന്‍ വഴി വിതരണം ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയിലെ എല്ലാ റേഷന്‍ കടകള്‍ക്കും ആവശ്യമായ മെഷിനുകള്‍ എത്തിക്കുകയും ജീവനക്കാര്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും വിവിധ കേന്ദ്രങ്ങളിലായി പരിശീലനവും നല്‍കിയിരുന്നു.
ജില്ലയില്‍ ആധാര്‍ അധിഷ്ഠിതമായ തിരിച്ചറിയല്‍ സംവിധാനത്തിലൂടെ ഈ മാസം മുതല്‍ ഇപോസ് മെഷീന്‍ വഴി റേഷന്‍ വിതരണം നടത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ഈ മാസം 10ന് ശേഷമേ ആരംഭിക്കൂ. ഇപോസ് വഴിയുള്ള റേഷന്‍ വിതരണത്തിന് എഎവൈ ഒഴികെയുള്ള കാര്‍ഡുടമകളില്‍ നിന്നും ഒരു രൂപ അധികമായി ഈടാക്കും.
എല്ലാ ഗുണഭോക്താക്കളും വാങ്ങുന്ന സാധനങ്ങളുടെ ഇപോസ് മെഷീന്‍ വഴി പ്രിന്റ് ചെയ്ത് കിട്ടുന്ന ബില്ല് ചോദിച്ച് വാങ്ങണം. വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങള്‍ മെഷീനിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യും. വാങ്ങിയ സാധനങ്ങള്‍, വില, ഇനി ബാക്കിയുള്ള വിഹിതം ഇവ എസ്എംഎസ് ആയും ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കും.
ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെയാവും മുഖ്യമായും വിതരണം എന്നിരുന്നാലും സാങ്കേതിക കാരണത്താലോ മറ്റോ ഇത് പ്രവര്‍ത്തിക്കാതെ വന്നാല്‍ ആര്‍ക്കും റേഷന്‍ നിഷേധിക്കാതിരിക്കുന്നതിനായി മൊബൈലില്‍ ഒടിപി പോലെയുള്ള സംവിധാനങ്ങളും പകരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ ആന്റിന ബൂസ്റ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് സിം കാര്‍ഡുകള്‍ ഇടാനുള്ള സംവിധാനമാണ് മെഷീനിലുള്ളത്. ഓണ്‍ലൈന്‍ ആപ്ലിക്കേഷനായതു കാരണം ഇപോസ് മെഷീന്‍ വഴി റേഷന്‍ കടകളിലൂടെയുള്ള വിതരണവിവരങ്ങള്‍, കടയുടെ പ്രവര്‍ത്തന സമയം തുടങ്ങിയവ ംംം.ലുീസെലൃമഹമ.ഴീ്.ശി എന്ന പബ്ലിക് പോര്‍ട്ടല്‍ വഴി ആര്‍ക്കും കാണാനാകും.
ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ റേഷന്‍ വാങ്ങാനായി കടയില്‍ നേരിട്ട് ചെല്ലാന്‍ സാധിക്കാത്ത കാര്‍ഡുടമയ്ക്ക് പകരം റേഷന്‍ വാങ്ങാനായി മറ്റൊരാളെ ചുമതലപ്പെടുത്താവുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി താലൂക്ക് സപ്ലൈ ഓഫിസില്‍ പ്രത്യേക അപേക്ഷ നല്‍കണം. ഗുരുതരമായ രോഗബാധയാല്‍ ശയ്യാവലംബരായവര്‍, 65 വയസിന് മേല്‍ പ്രായമുള്ള അംഗങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ മാത്രമുള്ളതും 16നും 65നും മധ്യേ പ്രായമുള്ള അംഗങ്ങള്‍ ഇല്ലാത്തതുമായ കാര്‍ഡുള്ളവര്‍ക്കാണ് പകരം ആളിനെ ഏര്‍പ്പെടുത്താവുന്നത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം പൊതുവിതരണ രംഗത്തെ സാങ്കേതിക പരിഷ്‌കാരങ്ങള്‍ക്കായി വിതരണത്തിന് ഉണ്ടാകുന്ന താല്‍ക്കാലിക അസൗകര്യങ്ങള്‍ക്ക് എല്ലാ കാര്‍ഡുടമകളുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it