Kollam Local

ജില്ലയില്‍ ആറ് അപകടം: ഒരു മരണം; 10 പേര്‍ക്ക് പരിക്ക്‌

സ്വന്തം പ്രതിനിധി

കൊല്ലം: പുതുവല്‍സര പുലരിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ആറ് വാഹനാപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എഴുകോണ്‍ നെടുമണ്‍കാവ് എംഎല്‍എ പാലത്തിന് സമീപം ഞായറാഴ്ച രാത്രി 11.30ഓടെ അപകടം ഉണ്ടായി. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ വീട്ടിന്റെ മതിലിലിടിച്ച് യുവാവ് മരിച്ചു. വാക്കനാട് പേഴൂര്‍കോണം പാലസ് വീട്ടില്‍ ദീപു(വിശാഖ് ബാബു-29) ആണ് മരിച്ചത്. അഞ്ചാലുംമൂട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. രാത്രി 11ഓടെയാണ് അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ചിന്നക്കട ബസ് ബേയ്ക്ക് സമീപമാണ് മറ്റൊരു അപകടം ഉണ്ടായത്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറയിലാണ് പിന്നീട് അപകടം ഉണ്ടായത്. രാത്രി 1.30ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 1.45ഓടെ അഞ്ചുകല്ലുംമൂട്ടില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പെട്രോള്‍ പമ്പിന് സമീപമാണ് പിന്നീട് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊട്ടിയത്തേയും മേവറത്തേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി.അപകടത്തില്‍ പരിക്കേറ്റവരെയെല്ലാം ട്രാക്കിന്റെ സന്നദ്ധ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പുതുവര്‍ഷ പുലരിയില്‍ അപകടങ്ങളില്‍പ്പെടുന്നവരുടെ രക്ഷക്കായി പോലിസ് ഉള്‍പ്പടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ട്രാക്ക് നടപ്പിലാക്കിയ സുരക്ഷാ മിഷന്‍- 2018 ന്റെ ഭാഗമായി കരുനാഗപ്പള്ളി മുതല്‍ ചാത്തന്നൂര്‍ വരെയും കുണ്ടറ വരെയുമുള്ള വിവിധ ജങ്ഷനുകളിലായി മുപ്പത്തഞ്ചിലധികം ആംബുലന്‍സുകള്‍ വിന്യസിച്ചിരുന്നു. ഡോ. ആതുരദാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിനേയും സജ്ജമാക്കിയിരുന്നു. കൊട്ടിയത്ത് അപകടത്തില്‍ ഹൃദയസ്തംഭനം വന്ന യുവാവിനെ ഡോ.ആതുരദാസ് അപകടസ്ഥലത്തു വെച്ചു തന്നെ പ്രഥമ ശിശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സുരക്ഷാ മിഷന്‍ -2018 നു മുന്നോടിയായും മുപ്പതു ദിവസമായി ചിന്നക്കടയില്‍  നടന്നു വന്നിരുന്ന ചുക്കുകാപ്പി വിതരണത്തിന്റെ  സമാപനമായും ചിന്നക്കട ബസ്‌ബേയില്‍  നടത്തിയ പൊതുയോഗം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. കൊല്ലം ആര്‍ടിഒ ആര്‍ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ എസ് സുരേഷ് ,എസിപി ജോര്‍ജ് കോശി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിവിഷനല്‍ ഓഫിസര്‍ കെ ഹരികുമാര്‍, ട്രാക്ക് സപ്പോര്‍ട്ടേഴ്‌സ് അംഗം സൂരജ് രവി,റിട്ട. ആര്‍ ടി ഒ പി എ സത്യന്‍, എം വി ഐ ആര്‍ ശരത്ചന്ദ്രന്‍ , ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് , റോണാ റിബെയ്‌റോ, രാഹുല്‍, സന്തോഷ് തങ്കച്ചന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it