Pathanamthitta local

ജില്ലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണം 100 കവിഞ്ഞു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നൂറില്‍ അധികം സ്‌കൂളുകള്‍ അടച്ചു പൂട്ടാതിരിക്കാന്‍ കാരണമറിയിക്കാന്‍ നോട്ടിസ് നല്‍കിയതായി ഡിഡിഇ എം കെ ഗോപി പറഞ്ഞു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 46 സ്‌കൂളുകള്‍ക്കും തിരുവല്ലയില്‍ 55 സ്‌കൂളുകള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുകൂടാ. ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നോട്ടീസ് നല്‍കിയത്. നോട്ടിസിന് ചില സ്‌കൂളുകള്‍  ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ നേടി. മറ്റു ചിലത് മറുപടി നല്‍കുകയും അംഗീകാരത്തിനായി അപേക്ഷയും സമര്‍പ്പിച്ചു. എന്നാല്‍ ഹൈക്കോടതി വിധി 2018-19 വര്‍ഷത്തേക്ക് ബാധകമല്ലെന്ന നിലപാടിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാലാണ് അവര്‍ക്കും നോട്ടീസ് നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി നേടിയ ശേഷം സിബിഎസ്ഇയുടെയോ ഐസിഎസ്ഇയുടെയോ അഫിലിയേഷന്‍ നേടിയ സ്‌കൂളുകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ തടസ്സമുണ്ടാകില്ല. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളുടെ അഫിലിയേഷനോ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോ ഇല്ലാത്ത സ്‌കൂളുകളില്‍ അടുത്ത അധ്യായന വര്‍ഷം വിദ്യാര്‍ഥിപ്രവേശനം അനുവദിക്കില്ല. നിലവിലെ ക്ലാസുകള്‍ നിര്‍ത്തുകയും വേണം.
കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. പിന്നെയും നിയമംലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ ദിവസം 10000 രൂപ വീതം പിഴ ഈടാക്കാനും വ്യവസ്ഥയുള്ളതായി വിദ്യാഭ്യാസവകുപ്പ് പറയുന്നു. സ്‌കൂളുകള്‍ അടച്ചുപൂട്ടുമ്പോഴുണ്ടാകുന്ന ഗുരുതരസാഹചര്യം പരിഗണിച്ച് യുക്തിസഹമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയത്.
മാനദണ്ഡങ്ങള്‍ പാലിക്കുന്ന അനംഗീകൃത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കി പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് ശ്രമം. എന്നാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളില്‍ അധികവും സമുദായ മാനേജ്‌മെന്റുകള്‍ക്കും സംഘടനകള്‍ക്കും കീഴില്‍ വരുന്നതായതോടെ, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മുന്നില്‍ നിന്ന് സമരം ചെയ്ത അധ്യാപക സംഘടനകള്‍ അടക്കം ഇപ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it