kasaragod local

ജില്ലയിലെ സോളാര്‍ പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കപ്പെടണമെന്ന്

കാസര്‍കോട്്: സോളാര്‍ പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ട സോളാര്‍ പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കപ്പെടണം. ഇക്കാര്യത്തില്‍ നിലവിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്താവുന്നതാണ്. എന്‍ എ നെല്ലിക്കുന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ ജില്ലയില്‍ 200 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് 1086 ഏക്കര്‍ സ്ഥലം അനുവദിക്കുകയും അഡ്വാന്‍സ് പൊസഷന്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തതായി വ്യക്തമാക്കി. ഇതേതുടര്‍ന്ന് 50 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി അമ്പലത്തറ വില്ലേജില്‍ വെള്ളുട എന്ന സ്ഥലത്ത് പൂര്‍ത്തീകരിച്ചു.
അവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ ശൃംഖലയിലേക്കു എടുത്തുവരുന്നു. ശേഷിക്കുന്ന 150 മെഗാവാട്ട് സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാത്തവിധം മുമ്പ് അനുവദിച്ച സര്‍ക്കാര്‍ ഭൂമി കെഎസ്ഇബിയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ജില്ലയ്ക്ക് തിരിച്ചടിയാണ്. 200 മെഗാവാട്ട്  വൈദ്യുതി ഉല്‍പാദനം മുന്നില്‍ക്കണ്ട് വിഭാവനം ചെയ്ത ട്രാന്‍സ്ഗ്രിഡ്-2 പ്രസരണശൃംഖല ശേഷി വര്‍ധിപ്പിക്കാനുള്ള 9000 കോടി രൂപയുടെ പദ്ധതിയാണ് ഭൂമി തിരിച്ചെടുക്കുന്നതിലൂടെ ഇല്ലാതാകുന്നത്.
ചീമേനിയില്‍ സ്ഥാപിക്കാനുദ്ദേശിച്ച 400 കെവി സബ്‌സ്റ്റേഷന്‍, ഉഡുപ്പിയില്‍ നിന്ന് ചീമേനിയിലേക്കുള്ള 400 കെവി ലൈന്‍ എന്നീ പ്രവൃത്തികളും നിലയ്ക്കുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. കര്‍ണാടകയിലെ ഉഡുപ്പിക്കടുത്ത് വരാന്‍ പോകുന്ന താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാന്‍ ഉതകുന്നതാണ് 400 കെവി ലൈന്‍.
ആയതിനാല്‍ ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു ജില്ലയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പി ബി അബ്ദുറസാഖ് എംഎല്‍എ പ്രമേയത്തിന്റെ അനുവാദകനായിരുന്നു. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കുടിവെള്ള പ്രശ്‌നം, ഗതാഗത തടസ്സങ്ങള്‍, ദേശീയപാത അലൈന്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഉചിതമായ പരിഹാര നടപടിക്കും യോഗം തീരുമാനിച്ചു. ചെറുവത്തൂര്‍-കയ്യൂര്‍ റോഡില്‍ കൊത്തങ്കര വളവില്‍ വാഹനാപകട സാധ്യത കണക്കിലെടുത്ത് വേലി നിര്‍മിക്കുന്നതിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എം രാജഗോപാലന്‍ എംഎല്‍എയുടെ ആവശ്യം പരിഗണിച്ചു.
തുക എത്രയും വേഗം അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ പറഞ്ഞു. കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടില്‍ നോണ്‍സ്റ്റോപ് ബസുകള്‍ ചന്ദ്രഗിരിപാലം വഴി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം സര്‍വീസ് യോഗ്യമായ ബസുകള്‍ ലഭിക്കുന്ന മുറയ്ക്ക് വൈകാതെ ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിന് നടപടിയായിട്ടുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് 28ന് ബന്ധപ്പെട്ട നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം കലക്ടറുടെ ചേമ്പറില്‍ ചേരാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, എഡിഎം എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it