wayanad local

ജില്ലയിലെ മുഴുവന്‍ മിച്ചഭൂമിയും അളന്നു തിട്ടപ്പെടുത്തണം: സിപിഎം

കല്‍പ്പറ്റ: അനധികൃതമായി തരംമാറ്റി മിച്ചഭൂമി കൈവശം വയ്ക്കുന്ന ജില്ലയിലെ മുഴുവന്‍ ഭൂമിയിടപാടുകളും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും മിച്ചഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ആവശ്യപ്പെട്ടു. വിവാദമായ കുറുമ്പാലക്കോട്ടയിലെ ഭൂമി സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടത്തറ മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നതനും അഭിഭാഷകനുമായ നേതാവ് വലിയ തോതില്‍ ഭൂമി തരംമാറ്റി കച്ചവടം ചെയ്തിട്ടുണ്ട്. ഇയാള്‍ സ്ഥലം വാങ്ങിയതിന് ശേഷം തന്റെ ഭൂമിയുടെ കൂടെ ഏക്കര്‍കണക്കിന് മിച്ചഭൂമി കൈവശപ്പെടുത്തി മറിച്ചു വില്‍പന നടത്തിയിട്ടുണ്ട്.
ഇയാള്‍ ഇടനിലക്കാരനായി നിരവധി ഭൂമി കച്ചവടവും നടന്നിട്ടുണ്ട്. ഇതൊക്കെ അന്വേഷണ പരിധിയില്‍ വരണം. ഡല്‍ഹിയിലുള്ള മറ്റൊരു അഭിഭാഷകന്‍ ഇപ്പോഴും തന്റെ സ്ഥലത്തിനുള്ളില്‍ മിച്ചഭൂമി വളച്ചുവച്ചു കൈവശപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ എട്ടേക്കര്‍ ഭൂമിക്കുള്ളില്‍ ഒരുപാട് മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ജില്ലയുടെ പല മേഖലകളിലും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് ഭൂമിതരംമാറ്റി പലരും ഉപയോഗിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള മുഴുവന്‍ അനധികൃത കൈവശപ്പെടുത്തലുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരണം. സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി പോലും തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുത്. അനധികൃതമായി കൈവശം വയ്ക്കുന്ന മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കണമെന്നും ഗഗാറിന്‍ ആവശ്യപ്പെട്ടു. കുറുമ്പാല മേഖലയില്‍ നിരവധി പേര്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നുണ്ട്. ആര്‍ക്കും പെട്ടെന്നു കയറിയെത്താന്‍ കഴിയാത്ത സ്ഥലമായതിനാല്‍ കുറുമ്പാലക്കോട്ടയില്‍ നിരവധി പേര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it