Pathanamthitta local

ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ ഉണര്‍വിന്റെ പാതയില്‍

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളും ഉണര്‍വിന്റെ പാതയില്‍. കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ അണ്‍എയിഡഡ് മേഖലയില്‍ നിന്ന് വന്‍തോതില്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് എത്തി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുതന്നെ പൊതുവിദ്യാലയങ്ങളില്‍ അഡ്മിഷന് തിരക്ക് അനുഭവപ്പെടുന്നതായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് ഒരു മാസം മുമ്പുതന്നെ പാഠപുസ്തകങ്ങളും യൂനിഫോമുകളും വിതരണം ചെയ്തു. ഇതും പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടി.  മുന്‍വര്‍ഷത്തേതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഈ വര്‍ഷം ഒരുക്കിയിട്ടുള്ളത്. അധ്യാപകരെ കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നതിനും വിവിധ വിഷയങ്ങളില്‍ അവഗാഹം നല്‍കുന്നതിനും കാര്യക്ഷമമായ പരിശീലനം മധ്യവേനല്‍ അവധിക്കാലത്ത് നല്‍കി. അക്കാദമിക നിലവാരം അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കി. ഈ മാസ്റ്റര്‍ പ്ലാനുകളുടെ നിര്‍വഹണം ജൂണ്‍ മാസത്തോടെ ആരംഭിക്കും.
സര്‍ക്കാരിന്റെ സഹായത്തോടൊപ്പം രക്ഷിതാക്കളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ആദ്യഘടത്തില്‍ ജില്ലയിലെ അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനായി കിഫ്ബിയുടെ ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപയും വകയിരുത്തി.
അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെഎസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടപ്ര എന്നീ സ്‌കൂളുകള്‍ക്കാണ് അഞ്ച് കോടി രൂപ വീതം അനുവദിച്ചിട്ടുള്ളത്. അടിസ്ഥാന, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 11 സെക്കന്‍ഡറി സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.
മൂന്ന് കോടി രൂപ വീതമാണ് ഈ സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നും അനുവദിക്കുന്നത്. കിഴക്കുപുറം, എഴുമറ്റൂര്‍, കുന്നന്താനം സെന്റ്‌മേരീസ്, നാരങ്ങാനം, തോട്ടക്കോണം, മാരൂര്‍, കലഞ്ഞൂര്‍, അടൂര്‍, ഇടമുറി, ചിറ്റാര്‍, പെരിങ്ങനാട് ടിഎംജി എച്ച് എസ് എന്നീ  ഹൈസ്‌കൂളുകള്‍ക്കാണ് മൂന്ന് കോടി രൂപ വീതം അനുവദിച്ചിട്ടുള്ളത്. എല്‍പി, യുപി വിഭാഗത്തില്‍ ജില്ലയിലെ അഞ്ച് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് ഓരോ കോടി രൂപ വീതം അനുവദിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്.  അയിരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനെയും മാന്തുക, തണ്ണിത്തോട്, തുമ്പമണ്‍, നിരണം മുകളടി യുപി സ്‌കൂളുകള്‍ക്കുമാണ് ഒരു കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഹൈടെക് ക്ലാസ് മുറികളും സ്മാര്‍ട് ക്ലാസ് മുറികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ കിഫ്ബി മുഖേന നല്‍കുന്ന തുകയ്ക്ക് പുറമേ എംപിമാരുടെയും എംഎല്‍എമാരുടെയും ആസ്തി വികസന ഫണ്ടുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍, പൊതുസമൂഹത്തിന്റെ സംഭാവനകള്‍ എന്നിവകൂടി ചേര്‍ത്ത്  ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മികച്ച അക്കാദമിക, ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കി വരികയാണ്.
Next Story

RELATED STORIES

Share it