kannur local

ജില്ലയിലെ കരിങ്കല്‍ ക്വാറി നിരോധനം പിന്‍വലിച്ചു

കണ്ണൂര്‍: കാലവര്‍ഷത്തിന്റെ രൂക്ഷതയ്ക്ക് കുറവുള്ളതിനാല്‍ ജില്ലയിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിലെ നിബന്ധനപ്രകാരം തുടര്‍ച്ചയായി 48 മണിക്കൂര്‍ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍ന്ന് 24 മണിക്കൂര്‍ പൂര്‍ണമായി മഴരഹിതമായ സാഹചര്യമുണ്ടെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രം ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാം. കനത്ത കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം മലയോരത്ത് ഉള്‍പ്പെടെ കനത്ത നാശനഷ്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ചത്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിനു പേരുടെ ഉപജീവന മാര്‍ഗമായ ചെങ്കല്‍, കരിങ്കല്‍ മേഖല നിശ്ചലമായിരുന്നു. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കാലവര്‍ഷ വേളയില്‍ പൊതുവെ ക്വാറി മേഖലയില്‍ ജോലി കുറവാണെങ്കിലും രൂക്ഷമായ മഴക്കെടുതിയെ തുടര്‍ന്ന് ഇക്കുറി വന്‍ പ്രതിസസന്ധിയാണ് ഉണ്ടായത്. പല ക്വാറികളിലും വെള്ളം കയറി. ചെങ്കല്‍ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ആഗസ്ത് 30ന് പിന്‍വലിച്ചിരുന്നു.
Next Story

RELATED STORIES

Share it