Idukki local

ജില്ലയിലെ ആറ് അനാഥാലയങ്ങള്‍ പൂട്ടും

തൊടുപുഴ: ജില്ലയിലെ ആറ് അനാഥാലയങ്ങള്‍ അടച്ചുപൂട്ടും. ബാലനീതി നിയമത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ വന്നതോടെയാണു നടപടി. സ്ഥാപനങ്ങളിലെ 63 പെണ്‍കുട്ടികളുള്‍പ്പെടെ 121 അന്തേവാസികളെ ഹോസ്റ്റലുകളിലേക്കോ ബോര്‍ഡിങ്ങുകളിലേക്കോ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. മിക്ക അനാഥാലയങ്ങളിലെയും കുട്ടികളെ നിലവില്‍ വീടുകളിലേക്ക് അയച്ചിരിക്കുകയാണ്. ജില്ലയില്‍ ആകെ 82 അനാഥാലയങ്ങളാണുള്ളത്. ഇതില്‍ 58 സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
18 സ്ഥാപനങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ഹോസ്റ്റലുകളോ ബോയ്‌സ് ഹോമുകളോ ആക്കി മാറ്റുകയോ ആണ് അടച്ചുപൂട്ടല്‍ ഒഴിവാക്കാനുള്ള പോംവഴി. കേസ് സുപ്രീം കോടതി പത്തിനു പരിഗണിക്കുന്നുണ്ടെന്നതിനാല്‍ അതിനുശേഷം തീരുമാനം അറിയിക്കാനാണു ചില സ്ഥാപനങ്ങളുടെ തീരുമാനം. അവധിക്കാലം കഴിയുന്നതോടെ, ഈ സ്ഥാപനങ്ങള്‍ ഹോസ്റ്റലുകളാക്കി വീണ്ടും രജിസ്റ്റര്‍ ചെയ്‌തേക്കും. ബാലനീതി നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനാല്‍, തുടര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ആറ് അനാഥാലയങ്ങള്‍ സാമൂഹികനീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ അനാഥാലയങ്ങളെല്ലാം എന്‍ജിഒകളും സ്വകാര്യ വ്യക്തികളും നടത്തുന്നതാണ്.
സര്‍ക്കാര്‍ നടത്തുന്ന അനാഥാലയങ്ങളൊന്നും ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അടച്ചുപൂട്ടല്‍ പട്ടികയിലുള്ള ആറ് അനാഥാലയങ്ങളില്‍ ചില സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനു സ്വന്തമായി സ്‌കൂളുകളുണ്ട്. അനാഥാലയങ്ങളെ സ്‌കൂള്‍ ഹോസ്റ്റലുകളോ ബോര്‍ഡിങ് ഹോമുകളോ ആക്കി രജിസ്റ്റര്‍ ചെയ്തശേഷം പ്രവര്‍ത്തനം തുടരാനും നീക്കമുണ്ട്. സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളൂവെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി എ ഷംനാദ് അറിയിച്ചു. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാനാവശ്യപ്പെട്ടു സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it