Pathanamthitta local

ജില്ലയിലെ അനാഥാലയങ്ങളിലെ 1000 കുട്ടികളില്‍ 80ശതമാനം പേര്‍ക്കും രക്ഷിതാക്കളുണ്ട്

പത്തനംതിട്ട: ജില്ലയില്‍ 42 അനാഥാലയങ്ങളിലായി 1000 കുട്ടികളോളം ഉള്ളതായി കണക്കുകള്‍. ഇവരില്‍ 80 ശതമാനം പേര്‍ക്കും രക്ഷിത്താക്കളുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും രക്ഷിതാക്കള്‍ക്ക് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്തതുമൂലം അവധിക്കാലത്തും ഇവര്‍ അനാഥാലയങ്ങളില്‍ തന്നെ നിലനില്‍ക്കുകയാണ് പതിവ്. ഇത്തരം കുട്ടികള്‍ക്ക് സാമൂഹിക ബോധവും സമൂഹത്തിലെ ഇടപെടലുകളും സംബന്ധിച്ച് അറിവുണ്ടാകുന്നതിന് കുടുംബങ്ങളില്‍ താമസിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വീട്ടനുഭവം നല്‍കുന്നതിന് ഫോസ്റ്റര്‍ കെയര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് സാമൂഹിക ബോധം നല്‍കുന്നതിന് പദ്ധതി സഹായിക്കും. കഴിഞ്ഞ വര്‍ഷം 10 കുട്ടികളെയാണ് അവധിക്കാലത്ത് പരിരക്ഷിക്കുന്നതിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ അനുയോജ്യമായ കുടുംബങ്ങളിലേക്ക് അയച്ചതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ പറഞ്ഞു.
മുന്‍വര്‍ഷം വീട്ടനുഭവം ലഭിച്ച കുട്ടികളെയും ഇതിന് അവസരം ഒരുക്കിയ കുടുംബങ്ങളെയും ഈ വര്‍ഷം കുട്ടികള്‍ക്ക് വീട്ടനുഭവം നല്‍കാന്‍ തയാറുള്ള കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസം ഫോസ്റ്റര്‍ കെയര്‍ സംഗമം സംഘടിപ്പിക്കുവാന്‍ കലക്ടറേറ്റില്‍ നടന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതി സംബന്ധിച്ച അവലോകന യോഗത്തില്‍ തീരുമാനമായി.
ജില്ലയില്‍ ഈ വര്‍ഷം 15 അപേക്ഷകളാണ് ഫോസ്റ്റര്‍ കെയറിന് വേണ്ടി ലഭിച്ചിട്ടുള്ളത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരിശോധിച്ച് ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയയ്ക്കും. ഇത്തരത്തില്‍ അയയ്ക്കുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ ആറ് മാസം വരെ വീട്ടില്‍ നിര്‍ത്താം. അഞ്ച് വര്‍ഷം കുട്ടിയെ വീട്ടില്‍ നിര്‍ത്തി പരിരക്ഷിക്കുന്നവര്‍ക്ക് കുട്ടിയെ ദത്തെടുക്കുന്നതിനും കഴിയും.
യോഗത്തില്‍ എഡിഎം കെ ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഈ അവധിക്കാലത്ത് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു സംസാരിച്ചു. പല കാരണങ്ങള്‍ കൊണ്ട് സാമൂഹ്യജീവിതം നഷ്ടപ്പെടുകയും ദീര്‍ഘകാലമായി അനാഥാലയങ്ങളിലും മറ്റ് ശിശുസംരക്ഷണ സ്ഥാപനങ്ങളിലും കഴിയേണ്ടിവരുന്ന കുട്ടികള്‍ക്ക് കുടുംബസാമൂഹ്യ ജീവിതം ലഭ്യമാക്കുന്നതിനാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് വഴി ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ ആറന്മുള മിനിസിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിലാണ് നല്‍കേണ്ടത്. ഫോണ്‍: 0468 2319998.
Next Story

RELATED STORIES

Share it