ജിയോളജി ഓഫിസര്‍ക്കെതിരേ നടപടി വേണം

പത്തനംതിട്ട: ജില്ലാ ജിയോളജി ഓഫിസര്‍ താമസിക്കുന്ന പത്തനംതിട്ടയിലെ ഹോട്ടല്‍ മുറിയില്‍ നിന്നു പിടിച്ചെടുത്ത 2.14 ലക്ഷം രൂപ കൈക്കൂലിപ്പണമെന്ന് വിജിലന്‍സ്. ജിയോളജിസ്റ്റായ തിരുവനന്തപുരം പേട്ട നികുഞ്ജം ഹെറിറ്റേജ് ഫഌറ്റിലെ സ്ഥിരംതാമസക്കാരനായ എം എം വഹാബിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി പി ഡി ശശി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് അയച്ചു. വിജിലന്‍സ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്ലിനാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം. പരാതിക്കാരുടെ സഹായത്തോടെ ഒരുക്കുന്ന കെണിയില്‍പ്പെട്ടാല്‍ മാത്രമേ നേരിട്ട് അറസ്റ്റ് ചെയ്യാനാവൂ.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം വിജിലന്‍സ് വഹാബിനോട് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇന്നലെ ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടും കണക്ക് സമര്‍പ്പിക്കാന്‍ വഹാബ് തയ്യാറായില്ല. ആറന്‍മുളയിലെ ജില്ലാ ജിയോളജി ഓഫിസില്‍ പതിവുപോലെ ഇന്നലെയും അദ്ദേഹം ജോലിക്കെത്തുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കൈക്കൂലിപ്പണമാണ് വഹാബിന്റെ മുറിയില്‍ നിന്നു ലഭിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. മണ്ണു മാഫിയ പണം നല്‍കിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് വഹാബിന്റെ മുറിയില്‍ പരിശോധന നടത്തിയത്.
പാറമട ലോബികളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായും വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. വഹാബിന്റെ സ്വത്തുക്കളെക്കുറിച്ചും അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന. തിരുവനന്തപുരം പേട്ടയിലടക്കം പ്രധാന സ്ഥലങ്ങളില്‍ ഇയാള്‍ ഫഌറ്റും സ്ഥലവും വാങ്ങിക്കൂട്ടിയെന്നും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
2009 സപ്തംബറിലും കൈക്കൂലിക്കേസില്‍ വഹാബ് പിടിയിലായിരുന്നു. ഈ കേസില്‍ വിജിലന്‍സ് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം സര്‍വീസില്‍ തിരികെയെത്തി. കോട്ടയത്ത് ജിയോളജി ഓഫിസറായിരുന്നപ്പോഴും മണ്ണ്, പാറമട ലോബിയുടെ ആളാണെന്ന ആരോപണം ഇദ്ദേഹം നേരിട്ടിരുന്നു.
വഹാബിനു മുമ്പ് പത്തനംതിട്ടയില്‍ ജിയോളജി ഓഫിസറായിരുന്ന വനിത ചില അനധികൃത പാറമടകള്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, ഭരണകക്ഷി എംഎ ല്‍എ ഇടപെട്ടാണ് വനിതയെ മാറ്റി നാലുമാസം മുമ്പ് വഹാബിനെ പത്തനംതിട്ടയില്‍ കൊണ്ടുവന്നത്. ജില്ലാ ജിയോളജി ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക മൊബൈല്‍ നല്‍കിയിട്ടുണ്ടെങ്കിലും വഹാബിന്റെ നമ്പര്‍ ആര്‍ക്കും നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it