palakkad local

ജിബിന്റെ മരണം: അന്വേഷണം കാര്യക്ഷമമല്ലെന്ന്

കൊല്ലങ്കോട്: ജിബിന്റെ മരണത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍. പുതുനഗരം കൊല്ലങ്കോട് റെയില്‍ പാളത്തില്‍ വിരിഞ്ഞിപ്പാടം തുരങ്ക പാതയുടെ മുകളിലെ വശങ്ങളില്‍ തത്തമംഗലം കുറ്റിക്കാട്ടിലെ ജിബിന്റെ (19) മ്യതദേഹം കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ആറുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇരുപത് മീറ്റര്‍ അകലെ കരിപ്പാലി തുരുശ്ശുമൊത്ത് സുമേഷ് (21) അബോധാവസ്ഥയില്‍ കിടന്നിരുന്നു. രാത്രി പത്തിനും പത്തരയ്ക്കും ഇടയിലുള്ള സമയത്തില്‍ ഇതു വഴി കടന്നു പോകുന്ന തിരിച്ചെന്തൂര്‍ - പാലക്കാട് ട്രിയില്‍ തട്ടി മരിച്ചതാകാം എന്നതാണ് പുതുനഗരം പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ പ്രതാപിന്റെ പ്രാഥമിക നിഗമനം. മൃതശരീരം പ്രാഥമിക പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയപ്പോള്‍ കഞ്ചാവ്, മയക്ക് മരുന്ന് ഗുളികള്‍ എന്നിവ വസ്ത്രത്തിലെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു.
അബോധാവസ്ഥയിലുള്ള സുമേഷിന് ബോധം ഇതുവരെയായി തിരിച്ചു കിട്ടാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ പോലീസിന് കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ കഞ്ചാവ് മാഫിയകള്‍ ഇവരെ വകവരുത്തിയതാണോ എന്ന സംശയമാണ് ബന്ധുകള്‍ക്ക്. മൃതശരീരം സംഭവസ്ഥലത്തു നിന്നും മാറ്റിയതു മുതല്‍ ദുരൂഹതയുണ്ടെന്നു പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരാത്തതിനെ മുമ്പേ ട്രെയിന്‍ ഇടിച്ചാണ് അപകടം നടന്നതെന്നും മരണം സംഭവിച്ചതെന്നും പോലീസ് നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
കൂടുതലായി ട്രെയിനുകളോ ചരക്ക് വണ്ടികളോ ഓടാത്ത പാളത്തില്‍ ട്രെയിനിന്റെ മുന്നില്‍ ചാടി അപകടം ഉണ്ടായാല്‍ അടുത്തുള്ള സ്‌റ്റേഷനില്‍ ലോക്കോ പൈലറ്റ് വിവരം നല്‍കണമെന്നതാണ് റെയില്‍വേ നിയമം. എന്നാല്‍ പുതുനഗരം റെയില്‍വേ സ്‌റ്റേഷനില്‍ അപകടം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചതാണന്ന് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിക്കാതെ മൃതശരീരം ഉടന്‍ മാറ്റിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഡോഗ് സ്‌ക്വാഡ,് ഫോറന്‍സിക് വിഭാഗം, സയന്റിഫിക് വിഭാഗം എന്നിവയെ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിട്ടുമില്ല. ട്രെയിന്‍ ഇടിച്ച് മരിച്ചതാണെങ്കില്‍ സംഭവം നടന്ന സ്ഥലത്ത് രക്തത്തിന്റെ പാടുകള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുലര്‍ച്ച അഞ്ച് മണിക്കുള്ള പാലക്കാട്  തിരിച്ചെന്തൂര്‍ ട്രയിന്‍ ഇടിച്ചതാണെങ്കില്‍ കൊല്ലങ്കോട് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതു സംഭവിച്ചിട്ടില്ല. മൃതശരീരം മരവിക്കണമെങ്കില്‍ നാലു മുതല്‍ ആറ് മണിക്കൂര്‍ വേണമെന്നു പറയുമ്പോഴും രാവിലെ ആറ് മണിക്ക് കണ്ടെത്തിയ മൃതശരീരം മരവിച്ച നിലയിലായിരുന്നുവെന്നും പറയുന്നു.
ഇത്തരം സംശയങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ സംഭവ നടന്ന സ്ഥലത്ത് സംഭവം നടക്കുന്നതിന് മുമ്പ് കൊല്ലങ്കോട് എക്‌സൈസിനെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയതായും എക്‌സൈസ് സംഘം ഇവിടെ എത്തുമ്പോഴേക്കും കഞ്ചാവ് മാഫിയകള്‍ ട്രാക്കില്‍ നിന്നും ഓടി രക്ഷപ്പെട്ടതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ പറഞ്ഞു.
ജിബിന്റെ മരണവും സുമേഷിന്റെ അബോധാവസ്ഥ തുടരുന്ന സ്ഥിതിയുണ്ടായതും ഗൗരവമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it