ജിഎസ്ടി നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരളം

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോംപൗണ്ടിങ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കുസേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശപ്രകാരം കേന്ദ്ര ചരക്കു സേവന നികുതി നിയമത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് ഈ മാറ്റം. ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോംപൗണ്ടിങ് അനുവദിക്കുന്നതാണ്. സംസ്ഥാനം വരുത്തിയ പ്രധാന മാറ്റങ്ങള്‍: റിവേഴ്‌സ് ചാര്‍ജ് പ്രകാരം നികുതി നല്‍കേണ്ട ചരക്കുകളും സേവനങ്ങളും ജിഎസ്ടി കൗണ്‍സിലിന്റെ നോട്ടിഫിക്കേഷന്‍മൂലം തീരുമാനിക്കും. സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ വ്യാപാരം നടത്തുന്നവര്‍ പ്രത്യേക ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടിവരും. പ്രത്യേക സാഹചര്യങ്ങളില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്യാനുള്ള അധികാരം രജിസ്‌ട്രേഷന്‍ അധികാരികള്‍ക്ക് നല്‍കുന്നതാണ്.
കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലോ നിയമപ്രകാരം നിയമിച്ചിട്ടുള്ള ഓഡിറ്റര്‍മാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്ര-സംസ്ഥാന ലോക്കല്‍ അതോറിറ്റികള്‍ക്ക് ഇനിമുതല്‍ ജിഎസ്ടി നിയമത്തില്‍ പറഞ്ഞിട്ടുള്ള പ്രത്യേക കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ടതില്ല. നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്ന് 14 ദിവസമായി വര്‍ധിപ്പിക്കുമെന്ന മാറ്റവും വരുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it