Flash News

ജിഎസ്ടി : അവശ്യ മരുന്നുകള്‍ക്ക് 2.29% വില വര്‍ധിക്കും



ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടു കൂടി രാജ്യത്തെ ഭൂരിപക്ഷം അവശ്യമരുന്നുകളുടെയും വിലയില്‍ 2.29 ശതമാനത്തോളം വര്‍ധനയുണ്ടാവും. നിലവില്‍ 9 ശതമാനത്തോളം നികുതിയുള്ള മരുന്നുകള്‍ക്ക് ജിഎസ്ടി പ്രകാരം 12 ശതമാനം നിരക്കു നിശ്ചയിച്ചതാണ് വിലവര്‍ധനയ്ക്കു കാരണമാവുക. എന്നാല്‍, ഇന്‍സുലിന്‍ അടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട ചില മരുന്നുകളുടെ വില കുറയും. ഈ മരുന്നുകളുടെ നികുതി നേരത്തേ നിശ്ചയിച്ച 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ഹെപാരിന്‍, വാര്‍ഫാരിന്‍, ഡില്‍റ്റിയാസെം, ഡയാസെപാം, ഇബുപ്രോഫെന്‍, പ്രോപ്രാനാലോല്‍, ഇമാറ്റിനിബ് തുടങ്ങിയവയും സമാന സ്വഭാവമുള്ള മറ്റു മരുന്നുകളുമാണ് ദേശീയതലത്തില്‍ നിര്‍ണയിച്ചിട്ടുള്ള അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മരുന്നുവില നിയന്ത്രണ സംവിധാനമായ എന്‍പിപിഎ നേരത്തേ, പുതുക്കിയ അടിസ്ഥാന മരുന്നുവില സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മരുന്നുകളുടെ എക്‌സൈസ് ഡ്യൂട്ടി അടക്കമുള്ള നിലവിലെ വിലയുടെ 95.90 ശതമാനമാവും പുതുക്കിയ അടിസ്ഥാനവില. ഈ തുകയിലാണ് ജിഎസ്ടി കണക്കാക്കുക. ഇന്‍സുലിന്‍ അടക്കമുള്ള നികുതിയിളവ് ചെയ്ത മരുന്നുകളുടെ എംആര്‍പി കമ്പനികള്‍ കുറയ്ക്കണമെന്ന് എന്‍പിപിഎ അറിയിച്ചിരുന്നു. അതേസമയം, വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പുതിയ നികുതിഘടന സ്വീകരിക്കാന്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായരംഗത്തിന് കഴിയുമെന്ന് എന്‍പിപിഎ ചെയര്‍മാന്‍ ഭൂപേന്ദ്ര സിങ് പറഞ്ഞു. ജിഎസ്ടി സുഗമമായി നടപ്പാക്കാന്‍ സാധിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it