Flash News

ജാര്‍ഖണ്ഡ്: 5 സാമൂഹികപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാരേതര സംഘടനാ പ്രവര്‍ത്തകരായ അഞ്ചു വനിതകളെ കാട്ടിലേക്കു തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. തോക്കു ചൂണ്ടിയാണ് ബലാല്‍സംഗത്തിന് ഇരയാക്കിയതെന്നും സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും റിപോര്‍ട്ടുണ്ട്.
ഖുന്തി ജില്ലയിലെ കൊച്ചാങ് ഗ്രാമത്തിലാണ് സംഭവം. കുടിയേറ്റവും മനുഷ്യക്കടത്തും സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനെത്തിയ സ്ത്രീകളെ അഞ്ചുപേര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലിസ് ഐജി അമോല്‍ വി ഹോംകര്‍ അറിയിച്ചു. ഒരു സ്‌കൂളില്‍ നാടകം നടത്തുകയായിരുന്ന ഇവരെ മോട്ടോര്‍സൈക്കിളിലെത്തിയ സായുധസംഘമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് പോലിസ് പറഞ്ഞു. ബലാല്‍സംഗം നടന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അക്രമികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. അതേസമയം, 20നും 35നും ഇടയില്‍ പ്രായമുള്ള യുവതികളെ തട്ടിക്കൊണ്ടുപോവുന്നതിന് പ്രാദേശിക പുരോഹിതനും മറ്റു ചിലരും സഹായം നല്‍കിയതായി നാടകസംഘത്തിന്റെ തലവനായ സന്‍ജയ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രാദേശിക ക്രിസ്ത്യന്‍ മിഷനറിസംഘത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആശാകിരണ്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ പ്രവര്‍ത്തകരാണ് പീഡനത്തിനിരയായതെന്ന് രാജേഷ് പ്രസാദ് എന്ന പോലിസ് ഉദ്യോഗസ്ഥന്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗോത്രവര്‍ഗപ്രദേശങ്ങളില്‍ സ്വയംഭരണം നടത്തുകയും സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതല്‍ഗഡി എന്ന സംഘത്തിനെതിരേ പ്രാദേശിക ഭരണകൂടം ഇത്തരം നാടക ഗ്രൂപ്പുകളെ ഉപയോഗിക്കാറുണ്ട്. അക്രമത്തിന് അതുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പതല്‍ഗഡി സംഘത്തിലെ ചിലര്‍ അക്രമികളുടെ കൂട്ടത്തിലുള്ളതായി പോലിസ് പറഞ്ഞു. സര്‍ക്കാര്‍ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ പുറത്തുനിന്നുള്ളവര്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കരുതെന്നാണ് പതല്‍ഗഡികളുടെ ഉത്തരവ്.
അതിനിടെ, കൂട്ടബലാല്‍സംഗം അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചു. ഇവര്‍ ജാര്‍ഖണ്ഡിലേക്കു പോവുമെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കമ്മീഷന്‍ ജാര്‍ഖണ്ഡ് ഡിജിപി ഡി കെ പാണ്ഡെക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it