Flash News

ജാര്‍ഖണ്ഡില്‍ ഹിന്ദുത്വരുടെ തല്ലിക്കൊലപോലിസിന്റെ പിഴവുകള്‍ തുറന്നുകാട്ടി വസ്തുതാന്വേഷണ റിപോര്‍ട്ട്‌

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഹിന്ദുത്വരുടെ ഗോരക്ഷാ സംഘം മസ്‌ലും അന്‍സാരി (32), ഇംതിയാസ് ഖാന്‍ (12) എന്നീ മുസ്‌ലിം യുവാക്കളെ മൃഗീയമായി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലിസ് അന്വേഷണ റിപോര്‍ട്ടിലെ പിഴവുകള്‍ തുറന്നുകാട്ടി സ്വതന്ത്ര വസ്തുതാന്വേഷണ റിപോര്‍ട്ട്.
കാളകളെ കാലിച്ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുന്നതിനിടെ 2016 മാര്‍ച്ച് 18നാണ് ലത്തീഹര്‍ ജില്ലയിലെ വിദൂര ഗ്രാമത്തില്‍വച്ച് ഇരുവരെയും ഹിന്ദുത്വസംഘം തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത്. രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ സംഭവത്തെ വാഷിങ്ടണ്‍ ഡിസി യുഎസ് കോണ്‍ഗ്രസ്സിലെ മനുഷ്യാവകാശ കമ്മീഷന്‍ ടോം ലാന്റോസ് ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ അക്രമത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ല.
ന്യൂയോര്‍ക്കിലെ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി, മുംബൈയിലെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, ന്യൂയോര്‍ക്കിലെ ദലിത് അമേരിക്കന്‍ കോലിഷന്‍, ന്യൂഡല്‍ഹിയിലെ ജാമിയ്യ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍, വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ തുടങ്ങിയ ദേശീയ അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അജിത് സാഹിയാണ് കേസുമായി ബന്ധപ്പെട്ട ജാര്‍ഖണ്ഡ് പോലിസിന്റെ കള്ളക്കളികള്‍ വസ്തുതാന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്. കേസിന്റെ തുടക്കം മുതല്‍ നാളിതുവരെ കേസ് അട്ടിമറിക്കാന്‍ നിരവധി ഇടപെടലുകളാണ് പോലിസ് നടത്തിയതെന്ന് അദ്ദേഹം തെളിവ് സഹിതം സമര്‍ഥിക്കുന്നു.
പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ സംഭവം നടന്ന് 17 മണിക്കൂറിന് ശേഷമാണ്. പുലര്‍ച്ചെ 3.30നും ആറിനും ഇടയില്‍ നടന്ന സംഭവം ദൃക്‌സാക്ഷിയായ നിസാമുദ്ദീനിലൂടെ രാവിലെ 11 മണിക്ക് പോലിസ് അറിഞ്ഞിട്ടും എഫ്‌ഐആര്‍ തയ്യാറാക്കുന്നത് പോലിസ് ബോധപൂര്‍വം വൈകിപ്പിച്ചു. പ്രതികള്‍ നടത്തിയ കുറ്റസമ്മത മൊഴിയും ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായി. പോലിസിനു മുമ്പില്‍ നടത്തിയ കുറ്റസമ്മത മൊഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്താന്‍ തയ്യാറായില്ല. കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുമ്പ് ഒരു സംഘമെത്തി കന്നുകാലി വില്‍പന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്ന്  ഭീഷണിപ്പെടുത്തിയതായും കൊല്ലപ്പെട്ട അന്‍സാരിയുടെ ഭാര്യയും ഇംതിയാസിന്റെ മാതാവും മൊഴി നല്‍കിയിരുന്നു. ഇത് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ദൃക്‌സാക്ഷികളുടെ തെളിവുകള്‍ ഉണ്ടായിട്ടും ശക്തമായ കുറ്റപത്രം നല്‍കുന്നതില്‍ പോലിസ് പരാജയപ്പെട്ടു. പ്രാദേശിക ബിജെപി നേതാവ് പ്രജാപതിക്കെതിരേ ദൃക്‌സാക്ഷി മൊഴിയുണ്ടായിട്ടും പോലിസ് അയാളെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. മസ്്‌ലൂമിനെയും ഇംതിയാസിനെയും കൊന്ന് കെട്ടിത്തൂക്കിയ അരുണ്‍ ഷാ, പ്രമോദ് സോ, മനോജ് സാഹു, ബട്‌നി സാഹു എന്നിവര്‍ക്കെതിരേയും ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ഗൂഢാലോചന സ്പഷ്ടമാണെങ്കിലും കേസില്‍ ഇതു സംബന്ധിച്ച 120(ബി) വകുപ്പുകള്‍ ചേര്‍ക്കാനും പോലിസ് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it