ജാര്‍ഖണ്ഡിലെ സംഘടനാ നിരോധനം, നീതിനിഷേധം അവസാനിപ്പിക്കണം പിപിഎസ്‌സി

റാഞ്ചി: സംഘടന നിരോധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി ഗിര്‍ദിഹി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മസ്ദൂര്‍ സങ്കതന്‍ സമിതി(എംഎസ്എസ്) പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് കുറ്റാരോപിതരായ തടവുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന (പിപിഎസ്‌സി). നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ മസ്ദൂര്‍ സങ്കതന്‍ സമിതിയെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ അജയ് ഹെംബ്രും, മോഹന്‍ മുര്‍മു, ദയാ ചന്ദ് ഹെംബ്രും, ദാമോദര്‍ ദുരി എന്നിവര്‍ ജയിലില്‍ ക്രൂരമായ അവകാശലംഘനമാണ് നേരിടുന്നത്. ദാമോദര്‍ ദുരി എംഎസ്എസ് അംഗം പോലുമല്ല.
മറ്റു തടവുകാരുമായി ഇടപഴകാന്‍ പോലുമനുവദിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞമാസം 27ന് ഇവര്‍ നിരാഹാര സമരം ആരംഭിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം രണ്ടിന് അവരുടെ ആവശ്യം അംഗീകരിച്ചുവെങ്കിലും ദിവസം രണ്ട് തവണ മാത്രമാണ് മറ്റുള്ളവരുമായി ഇടപഴകാന്‍ സമ്മതിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുമായി സഹകരിക്കുന്നുവെന്നാണ് എംഎസ്എസിനെതിരായ ആരോപണം. എന്നാല്‍, 1989 മുതല്‍ ഝാര്‍ഖണ്ഡിലെ ഗിരിധീ, ബൊക്കാറോ, ധന്‍ബാദ്, ഹസാരിബാഗ്, റാഞ്ചി, രാംഗഡ്, ഗയ, ഖര്‍സാവാന്‍, ജല്‍ദ ജില്ലകളിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് 22,000 അംഗങ്ങളുള്ള സംഘടന. ആദിവാസികള്‍, മൂള്‍വാസിസ് എന്നിവരെ തങ്ങളുടെ മണ്ണില്‍ നിന്നും കുടിയിറക്കുന്നതിനെതിരേ സമരം സംഘടിപ്പിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പി—ച്ചത്. തങ്ങളുടെ പ്രവര്‍ത്തകനായ മോത്തിലാല്‍ ബസ്‌കയുടെ മരണം വ്യാജ ഏറ്റുമുട്ടലാണെന്ന് ജനങ്ങള്‍ക്കിടയില്‍ തുറന്നു കാണിച്ചതും  നടപടി കൈക്കൊള്ളാന്‍ കാരണമായി. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് എംഎസ്എസ് നിരോധനം.
ഈ നടപടികളുടെ തുടര്‍ച്ച തന്നെയാണ് പോപുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതും. നിരപരാധികളായ നിരവധി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ഓഫിസുകള്‍ പൂട്ടുകയും ചെയ്തു.  ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് പിന്തുണ നല്‍കിയെന്നതാണ് പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നില്‍.
എത്രയും പെട്ടെന്ന് കേസുകള്‍ പിന്‍വലിച്ച് എംഎസ്എസ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും പിപിഎസ്‌സി നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it