Flash News

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം ഭരണഘടനാവിരുദ്ധം: പണ്ഡിത ഐക്യദാര്‍ഢ്യ സംഗമം

കോട്ടയം: രാജ്യത്തെ ഹിന്ദുത്വ ഭീകരവാഴ്ചയെ ജനാധിപത്യപരമായും ഭരണഘടനാപരമായും പ്രതിരോധിക്കുകയും പാര്‍ശ്വവല്‍കൃത ജനവിഭാഗത്തിന്റെ ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പോപുലര്‍ ഫ്രണ്ടിന് ജാര്‍ഖണ്ഡില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധവും അപലപനീയവുമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പണ്ഡിത ഐക്യദാര്‍ഢ്യ സംഗമത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാര നീക്കങ്ങളുടെ ആദ്യപടിയാണ് ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ടിന്റെ നിരോധനമെന്നും ഇതിനെതിരേ ശക്തമായ ഐക്യനിര ഉയര്‍ന്നുവരണമെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു. അല്‍ കൗസ ര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയും കോട്ടയം താജ് ജുമാമസ്ജിദ് ചീഫ് ഇമാമുമായ എ പി ഷിഫാര്‍ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന സംഘടനകള്‍ നിരോധിക്കപ്പെട്ടാലും അവ വളര്‍ന്നു പന്തലിച്ച് വടവൃക്ഷമായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉറപ്പുനല്‍കുന്ന മഹത്തരമായ ഭരണഘടനയാണു നമ്മുടെ രാജ്യത്തിന്റേത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍, കുറേ നാളുകളായി വേദനിക്കുന്ന സംഭവങ്ങള്‍ക്കാണ് നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങള്‍ തുറന്നുപറയുന്നവരെ ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസ ഫാളില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ നിരപരാധികളെ കൊലപ്പെടുത്തുന്നതിനെതിരേ ശബ്ദിച്ചുവെന്നതിന്റെ പേരിലാണ് പോപുലര്‍ ഫ്രണ്ടിനെ സംഘപരിവാര സര്‍ക്കാര്‍ നിരോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുസ്്‌ലിം പണ്ഡിതന്‍മാരെയും വ്യാപകമായി കള്ളക്കേസില്‍ കുടുക്കി ഭരണകൂടം അറസ്റ്റ് ചെയ്യുന്ന അവസ്ഥാവിശേഷമാണ് രാജ്യത്തു നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാര വെല്ലുവിളികളെ നേരിടുന്നതിന് സംഘടനാ പക്ഷപാതിത്വങ്ങള്‍ മാറ്റിവച്ച് സമുദായ ശാക്തീകരണത്തിനായി എല്ലാവരും ഐക്യപ്പെടണമെന്ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാം മുഹമ്മദ് നദീര്‍ ബാഖവി അഭിപ്രായപ്പെട്ടു.
ഇമാംസ് കൗണ്‍സില്‍ സംസ്ഥാനസമിതി അംഗം അബ്്ദുല്‍ നാസിര്‍ ബാഖവി വിഷയാവതരണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് അബ്്ദുറസ്സാഖ് മൗലവി പ്രമേയം അവതരിപ്പിച്ചു. ഇ എ അബ്ദുല്‍ നാസര്‍ അല്‍ കൗസരി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), പി ഇ മുഹമ്മദ് സക്കീര്‍ (ജമാഅത്ത് ഫെഡറേഷന്‍), അഡ്വ. സി ജെ ജോസ് (എന്‍സിഎച്ച്ആര്‍ഒ), എന്‍ ഹബീബ് (എംഎസ്എസ്), സിറാജുദ്ദീന്‍ മൗലവി (താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, നിസാര്‍ മൗലവി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), സി എച്ച് നിസാര്‍ മൗലവി (പോപുലര്‍ ഫ്രണ്ട്), യു നവാസ് (എസ്ഡിപിഐ), സുലൈമാന്‍ മൗലവി (പ്രവാസി ഫോറം), സലീം മൗലവി അല്‍ഖാസിമി (പ്രോഗ്രാം കണ്‍വീനര്‍)  പങ്കെടുത്തു.
Next Story

RELATED STORIES

Share it