ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധം; ഉടനെ പിന്‍വലിക്കണം

കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഉടനെ പിന്‍വലിക്കണമെന്നും പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
1908ലെ ക്രിമിനല്‍ ഭേദഗതി നിയമപ്രകാരം സ്വീകരിച്ച നടപടി തികഞ്ഞ മുന്‍വിധിയോടെയുള്ളതും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗവുമാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പോലിസ് പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ രംഗത്തുവരുകയും നിയമപോരാട്ടം നടത്തുകയും ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാരിനുള്ള അസ്വസ്ഥതയാണ് പോപുലര്‍ ഫ്രണ്ടിനെതിരായ നടപടിയിലേക്ക് നയിച്ചതെന്നാണ് മനസ്സിലാകുന്നത്.
ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ കേസെടുത്തതായി അറിവില്ല. അതേസമയം, ആള്‍ക്കൂട്ട കൊലപാതകങ്ങളും വിവിധ പോലിസ് പീഡനങ്ങളുമടക്കം 14 കേസുകളില്‍ പോപുലര്‍ ഫ്രണ്ട് നിയമപോരാട്ടം നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടനാ ഓഫിസ് മുദ്രവച്ച പോലിസ്, സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കള്ളക്കേസുകള്‍ ചുമത്തി പീഡനം തുടരുകയാണെന്നും വാര്‍ത്തയുണ്ട്.
വിയോജിപ്പുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ദുര്‍ബലരുടെ ശാക്തീകരണ ശ്രമങ്ങളോട് സന്ധിയില്ലെന്നുമുള്ള സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണ്. പൗരബോധമുള്ള സമൂഹം ഇത്തരം ഫാഷിസ്റ്റ് വെല്ലുവിളികള്‍ക്കെതിരേ രംഗത്തുവരണം. ഊഹാപോഹങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളില്‍ നിന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടിയന്തരമായി പിന്‍വാങ്ങുകയും പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം പിന്‍വലിക്കുകയും ചെയ്യണമെന്ന് പ്രസ്താവനയില്‍ ആവശപ്പെട്ടു.
പ്രഫ. കെ സച്ചിദാനന്ദന്‍, കെഇഎന്‍ കുഞ്ഞഹമ്മദ്, ഒ അബ്ദുല്ല, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എന്‍ പി ചെക്കുട്ടി, ഡോ. ജെ ദേവിക, കെ കെ കൊച്ച്, ജമാല്‍ കൊച്ചങ്ങാടി, എ വാസു, എ സജീവന്‍, ഗോപാല്‍ മേനോന്‍, കെ കെ ബാബുരാജ്, രൂപേഷ് കുമാര്‍, എ എസ് അജിത് കുമാര്‍, വി ആര്‍ അനൂപ്, ഡോ. വര്‍ഷ ബഷീര്‍, എ എ വഹാബ്, ഡോ. ധന്യ മാധവ്, വി പ്രഭാകരന്‍, റെനി ഐലിന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it