Flash News

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെതിരേ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പുറമേ വനിതകള്‍ അടക്കമുള്ള പൊതുജനങ്ങളും പങ്കെടുത്തു. മണിപ്പൂര്‍, പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ന്യൂഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ന്യൂഡല്‍ഹിയില്‍ ജാര്‍ഖണ്ഡ് ഭവനിലേക്ക് നടന്ന മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധം രേഖപ്പെടുത്തി. ജാര്‍ഖണ്ഡില്‍ സംഘടനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും സംസ്ഥാനത്തു നടക്കുന്ന പോലിസ് പീഡനം അവസാനിപ്പിക്കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സോണല്‍ സെക്രട്ടറി അനീസ് അന്‍സാരി, സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹ്മദ്, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. മാര്‍ച്ചിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമുള്ള നിവേദനം പ്രതിനിധിസംഘം ജാര്‍ഖണ്ഡ് ഭവന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കു കൈമാറി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം നിവേദകസംഘത്തിന് ഉറപ്പുനല്‍കി.
രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത ജനങ്ങളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന അഭിനന്ദിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരേ ഉയര്‍ന്ന ജനകീയ പ്രതിഷേധം പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്ന ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിക ള്‍ക്ക് ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് ദേശീയസമിതി അംഗം എസ് അഷ്‌റഫ് മൗലവിയും എറണാകുളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസറും കോഴിക്കോട്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫും പ്രകടനങ്ങളെ അഭിസംബോധന ചെയ്തു.
Next Story

RELATED STORIES

Share it