Editorial

ജാമ്യം റദ്ദാക്കിയ നടപടി ആശങ്കാജനകം

പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ പ്രഫ. ജി എന്‍ സായിബാബയുടെ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും തടവിലകപ്പെട്ടത് ഇന്ത്യക്കകത്തും പുറത്തുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരെയും മനുഷ്യസ്‌നേഹികളെയും മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്. മാവോവാദിബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം മെയിലാണ് സ്ഥിരമായി വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പ്രഫ. സായിബാബയെ പോലിസ് അറസ്റ്റ് ചെയ്തത്. 14 മാസത്തെ ജയില്‍വാസത്തിനുശേഷം ഇക്കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് അനുവദിച്ച ജാമ്യമാണ് ബുധനാഴ്ച ജസ്റ്റിസ് അരുണ്‍ ചൗധരി അധ്യക്ഷനായ ഏകാംഗ ബെഞ്ച് റദ്ദാക്കിയത്. 48 മണിക്കൂറിനകം കീഴടങ്ങണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. സായിബാബയെ തടവിലാക്കിയതിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ പ്രമുഖ എഴുത്തുകാരി അരുന്ധതിറോയിക്കെതിരേ കോടതിയലക്ഷ്യത്തിന് ഇതേ കോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
ഈയിടെയായി ഇന്ത്യയിലെ നീതിപീഠങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം വിധികള്‍ നീതിന്യായമേഖലയെക്കുറിച്ച് ഒട്ടേറെ ഉല്‍ക്കണ്ഠകള്‍ ഉയര്‍ത്തിവിടുന്നതാണ്. ന്യായാധിപസ്ഥാനങ്ങളിലിരിക്കുന്ന പലരും നീതിനിര്‍വഹണത്തില്‍ വീക്ഷിക്കേണ്ട കണിശമായ ധാര്‍മികതയെ കുറിച്ച് വേണ്ടവിധം ഗ്രാഹ്യമുള്ളവരല്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ടായിട്ടുണ്ട്. നിയമപുസ്തകങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന പൗരാവകാശങ്ങളുടെ സംരക്ഷണമാവണം നീതിന്യായനിര്‍വഹണത്തിന്റെ അടിസ്ഥാന ലക്ഷ്യം.
നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ സാധാരണഗതിയില്‍ മൂന്നു സാഹചര്യങ്ങളില്‍ മാത്രമേ ഒരു കുറ്റാരോപിതന്റെ ജാമ്യാപേക്ഷ കോടതികള്‍ നിരാകരിക്കേണ്ടതുള്ളൂ. ഒന്നുകില്‍ കുറ്റവാളി ജാമ്യത്തിലിറങ്ങി രാജ്യംവിടാന്‍ സാധ്യതയുണ്ടാവണം. അല്ലെങ്കില്‍ കുറ്റാരോപിതന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം അത്രമാത്രം ഗുരുതരവും ജാമ്യം നല്‍കിയാല്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ അയാള്‍ ഏര്‍പ്പെട്ടേക്കാമെന്ന സംശയമുണ്ടാക്കുന്നതുമാവണം. അതുമല്ലെങ്കില്‍ ജാമ്യം നല്‍കപ്പെട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടാവണം. ഇവിടെ പ്രഫ. സായിബാബയുടെ കാര്യത്തില്‍ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ല എന്നിരിക്കെ ബോംബെ ഹൈക്കോടതിയുടെ ഈ വിധിയില്‍ ഒരുതരം മുന്‍വിധിയുടെ വാടയുണ്ടെന്ന വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്നു പറയാനാവില്ല.
രാജ്യത്തിനകത്ത് ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അമിതാധികാരചിന്തയുടെ ലാഞ്ഛനകള്‍ ഈ കോടതിവിധിയില്‍ കാണാന്‍ കഴിയുന്നത് ആശങ്കാജനകമാണ്. നിയമവും ന്യായാസനങ്ങളും പൗരനു നേരെ ചുഴറ്റപ്പെടുന്ന ചാട്ടവാറുകളായി മാറുന്നിടത്ത് ജനാധിപത്യത്തിന്റെ മരണമായിരിക്കും ദര്‍ശിക്കുക എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
Next Story

RELATED STORIES

Share it